18 December Thursday

കുടുംബശ്രീ ലക്ഷ്യമിടുന്നത്‌ സ്ത്രീകളുടെ വരുമാനം വർധിപ്പിക്കൽ: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
കൂറ്റനാട്
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത്‌ സ്ത്രീകളെ ശാക്തീകരിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന തിരികെ സ്‌കൂളിലേക്ക്  അയല്‍ക്കൂട്ട സംഘടനാ സംവിധാനം മെച്ചപ്പെടുത്തല്‍ ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം തൃത്താല ഡോ. കെ ബി മേനോന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. 
കുടുംബശ്രീ ആരംഭിക്കുന്നത് ദാരിദ്ര്യ നിർമാർജനത്തിന്റെ  ഉപാധി എന്ന നിലയിലാണ്. 25 വർഷം കൊണ്ട് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റാൻ നിർണായക പങ്കുവഹിച്ചു. ഇനിയുള്ള ലക്ഷ്യം സ്ത്രീകളുടെ വരുമാനം വർധിപ്പിക്കലാണ്‌. 
കുടുംബശ്രീയുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയമാറ്റം വരും. അതിനാവശ്യമായ അറിവ്, ഊർജം നൈപുണ്യം എന്നിവ സമാഹരിക്കുന്നതിനാണ് ഇത്തരം പരിപാടി. 
ഡിസംബർ 10 വരെ എല്ലാ അവധി ദിവസവും അമ്മമാരും മുത്തശ്ശിമാരും സ്കൂളിൽ പോകും. കുടുംബശ്രീ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള വിഷയങ്ങളാണ് പാഠ്യപദ്ധതിയിലെന്നും മന്ത്രി പറഞ്ഞു.
 തൃത്താല  പഞ്ചായത്ത് പ്രസിഡന്റ്  പി കെ ജയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. കലക്ടര്‍ ഡോ. എസ് ചിത്ര മുഖ്യാതിഥിയായി.  കില ഡയറക്ടർ ജോയ് ഇളമൺ, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്തംഗം എ കൃഷ്ണകുമാർ, കുടുംബശ്രീ  സംസ്ഥാന മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്,  കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ കെ കെ  ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. ആദ്യദിനം സംസ്ഥാനത്ത്‌ 870 സ്കൂളുകളിലായി ആകെ നാല് ലക്ഷം വനിതകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top