18 December Thursday

ധോണിയെ കാണാൻ വനംമന്ത്രി എത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
പാലക്കാട് 
കാട്ടുകൊമ്പൻ പി ടി ഏഴാമനെ(ധോണി) കാണാൻ മന്ത്രി എ കെ ശശീന്ദ്രൻ ധോണിയിലെത്തി. ശർക്കരയും കരിമ്പും നേന്ത്രപ്പഴവും മന്ത്രി ധോണിക്ക്‌ സമ്മാനിച്ചു. ആന പപ്പാന്മാരായ മണികണ്‌ഠനെയും മാധവനെയും അനുമോദിച്ചു. ഭക്ഷണശാലയിലെത്തി ആനയ്‌ക്ക്‌ നൽകുന്ന ഭക്ഷണരീതികൾ കണ്ടറിഞ്ഞു. ഞായർ പകൽ മൂന്നിനാണ്‌ മന്ത്രി ധോണിയിലെ വനം വകുപ്പ്‌ ഓഫീസിലെത്തിയത്‌. 
സെപ്‌തംബർ ഏഴിനാണ്‌ തുടർ ചികിത്സക്കായി ധോണിയെ പുറത്തിറക്കിയത്‌. ഇരുകണ്ണുകൾക്കും തിമിരം ബാധിച്ചതിനാൽ പ്രാഥമികചികിത്സ നൽകുന്നുണ്ട്‌. പാലക്കാട്‌ അസിസ്റ്റന്റ്‌ വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ്‌ അബ്രഹാമിന്റെ മേൽനോട്ടത്തിലാണ്‌ ചികിത്സ. പാപ്പാന്മാരാണ്‌ തുള്ളിമരുന്ന്‌ നൽകുന്നത്‌. ആനയെ പിടികൂടുന്നതിന്‌ മുമ്പ്‌ തന്നെ ഇടതുകണ്ണിന്റെ കാഴ്‌ചക്ക്‌ കുറവുള്ളതായി കണ്ടെത്തിയിരുന്നു. ധോണിയെ ജനുവരി 22നാണ് മയക്കുവെടിവച്ച് പിടികൂടിയത്. കാഴ്‌ചശക്തിയുടെ കുറവ്‌ മാറ്റിനിർത്തിയാൽ പൂർണ ആരോഗ്യവാനാണ്‌ ധോണി. കലക്‌ടർ ഡോ. എസ്‌ ചിത്ര, ഡിഎഫ്‌ഒ കുറാ ശ്രീനിവാസ്‌ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
 
വന്യജീവി സങ്കേതങ്ങളിൽ 
സൗജന്യ പ്രവേശനം: എ കെ ശശീന്ദ്രൻ
വന്യജീവിവാരാഘോഷങ്ങളുടെ ഭാഗമായി തിങ്കൾ മുതൽ എട്ടുദിവസത്തേക്ക്‌ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.  നിശ്ചിതസമയത്താണ്‌ പ്രവേശനം. തൃശൂരിൽ വനംവകുപ്പ്‌ ആരംഭിക്കുന്ന സുവോളജിക്കൽ പാർക്കിൽ മയിലിനെ പ്രവേശിപ്പിച്ചുകൊണ്ടാണ്‌ വാരാഘോഷത്തിന്‌ തുടക്കം. മന്ത്രി ജെ ചിഞ്ചുറാണി തൃശൂർ മൃഗശാലയിലുള്ള മയിലിനെ മന്ത്രി കെ രാജന്‌ കൈമാറി സുവോളജിക്കൽ പാർക്കിന്റെ പ്രാരംഭപ്രവർത്തനമാരംഭിക്കും. സ്ഥാപനം പ്രവർത്തിപ്പിക്കാനാവശ്യമായ സബ്‌സ്‌റ്റേഷന്റെ ഉദ്‌ഘാടനവും നടക്കും. 
ആന പാപ്പാന്മാരെയും സംരക്ഷിക്കണമെന്ന സന്ദേശം നൽകിയാണ്‌ ധോണിയെ പരിപാലിക്കുന്ന പാപ്പാന്മാരെ അനുമോദിച്ചത്‌. ധോണിയുടെ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top