പാലക്കാട്
നാടിന്റെ കുതിപ്പിനൊപ്പം ജില്ലയിലെ വിദ്യാലയങ്ങളും മുന്നേറുന്നു. ഏഴ് വര്‍ഷത്തിനിടെ 61 സ്‌കൂളാണ് സ്‌മാർട്ടായത്. പുതിയ കെട്ടിടങ്ങൾ നിർമിച്ചും പഴയവ നവീകരിച്ചും ലബോറട്ടറികളും ടോയ്‌ലറ്റും അടക്കമുള്ള സൗകര്യങ്ങളൊരുക്കിയുമൊക്കെയാണ് ഈ മുന്നേറ്റം. കിഫ്‌ബി, പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ചാണ് നവീകരണം.
അഞ്ച് കോടി ചെലവിട്ട് 12 സ്‌കൂളും മൂന്ന് കോടിയില്‍ പത്തും ഒരു കോടിയിൽ 21 കെട്ടിടങ്ങളുമാണ് നവീകരിച്ചത്. ക്ലാസ് മുറികള്‍, ലാബ്, ശുചിമുറി ബ്ലോക്ക്, അടുക്കള, മീറ്റിങ് ഹാള്‍, സെമിനാര്‍ ബ്ലോക്ക്, ട്രസ് വര്‍ക്കുകള്‍ തുടങ്ങിയവ നിർമിച്ചു. ഇതുകൂടാതെ പ്ലാൻ ഫണ്ടുപയോഗിച്ച് 18 സ്‌കൂൾ കെട്ടിടങ്ങളും നവീകരിച്ചു. ഓരോ കോടി രൂപ വിനിയോഗിച്ച് എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയത്. ഇതിനുപുറമെ സിഡ്‌കോ സഹായത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ച് മാതൃകാ സയന്‍സ് ലാബുകളും സജ്ജമാക്കി. നവകേരള മിഷന്റെ ഭാഗമായുള്ള വിദ്യാകിരണം പദ്ധതി വഴിയാണ് നവീകരണം സാധ്യമായത്.
അഞ്ചുകോടി ചെലവിൽ ലക്ഷ്യമിട്ട എല്ലാ സ്‌കൂളിലും നിർമാണം പൂർത്തിയായി. മൂന്നുകോടി ചെലവിട്ട് 41 സ്‌കൂളുകൾ നവീകരിക്കുന്നുണ്ട്. ഇതിൽ പത്തെണ്ണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തു. നാലെണ്ണത്തിന്റെ നിർമാണം പുരോഗതിയിലാണ്. മൂന്നെണ്ണത്തിന് കരാർ നൽകി. 24 എണ്ണം ടെൻഡർ നടപടിയിലാണ്. ഒരു കോടി രൂപയുടെ നവീകരണം നടപ്പാക്കുന്നത് 36 സ്‌കൂളുകളിലാണ്. 21 എണ്ണം നവീകരണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തു. നാലെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. പത്തെണ്ണം കരാർ നടപടികളിലാണ്.
വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റത്തിന് വഴിവയ്‌ക്കാൻ വിദ്യാകിരണം പദ്ധതിയിലൂടെ സാധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..