മലമ്പുഴ
പതിനായിരങ്ങളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ പ്രദീപും ബിജുവും ആതിരയും ജ്യോതിയും നടന്നു, സൂപ്പർ താരങ്ങളുടെ കൈപിടിച്ച്. കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പുർ എഫ്‌സിയും കൊമ്പുകോർത്തപ്പോൾ മൈതാനത്തിന്റെ മനം കവർന്നത് മലമ്പുഴ ആശ്രമം സ്‌കൂളിലെ കൊച്ചുമിടുക്കർ. പട്ടികവർഗ വികസന വകുപ്പിന്റെ സ്‌കൂളിലെ 22 വിദ്യാർഥികളാണ് ഇരുടീമിലെയും കളിക്കാരെ മൈതാനത്തേക്ക് കൈ പിടിച്ച് ആനയിച്ചത്. അഞ്ചാം ക്ലാസ് വരെയുള്ള നാലടി ഉയരമുള്ള 16 ആൺകുട്ടികളും ആറ് പെൺകുട്ടികളും മാനേജർ ഗിരിജ, അധ്യാപകരായ പ്രജിത, രഞ്ജിത് ഉൾപ്പെടുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. അട്ടപ്പാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നെത്തിയ കുരുന്നുകൾ സൂപ്പർ താരങ്ങളുടെ കൈപിടിച്ച് പച്ചപ്പുല്ലിലൂടെ നടന്ന് നീങ്ങിയതിന്റെ ആഹ്ലാദത്തിലാണ്. കളി കഴിഞ്ഞ് ലേ മെറഡിയൻ ഹോട്ടലിൽ നിന്നായിരുന്നു അത്താഴം. തിങ്കളാഴ്ച് സാമൂഹ്യ പക്ഷാചരണ പരിപാടിയിൽ പങ്കെടുത്ത് ഉച്ചക്ക് മലമ്പുഴയിലേക്ക് മടങ്ങും. കഴിഞ്ഞ തവണ കാസർകോടിലെ സ്കൂളിലെ കുട്ടികൾക്കായിരുന്നു ഭാഗ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..