29 March Friday

ആന്ത്രാക്‌സ് : അതിരപ്പിള്ളിയില്‍ 
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

അതിരപ്പിള്ളി പഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്കുന്നു

 ചാലക്കുടി

ആന്ത്രാക്‌സ് പ്രതിരോധത്തിന്റെ ഭാഗമായി അതിരപ്പിള്ളി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വളർത്തു മൃഗങ്ങൾക്ക് വാക്‌സിനേഷൻ നല്കുന്ന പ്രവൃത്തികൾ വെള്ളിയാഴ്‌ചയും തുടർന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മേഖലയിലെ എണ്ണപ്പനത്തോട്ടത്തിലും കൃഷിയിടത്തുമായി ഏഴ് പന്നികൾ ചത്തുകിടന്നിരുന്നു. ചൊവ്വാഴ്ച വീണ്ടും പിള്ളപ്പാറയിലെ കൃഷിയിടത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. ചാട്ടുകല്ലുംതറ മേഖലയിൽ ആടുകൾ ചത്തതായും പറയുന്നുണ്ട്. കാട്ടുപന്നികൾ പതിവായി ജനവാസ മേഖലകളിൽ ഇറങ്ങുന്നതിനാൽ വളർത്തുമൃഗങ്ങൾക്കും രോഗം പകരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് വളർത്ത് മൃഗങ്ങൾക്ക് വാക്‌സിനേഷൻ നല്കുന്നത്. 
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മൃഗങ്ങൾ പെട്ടെന്ന് ചാകുന്നതാണ് ആന്ത്രാക്‌സ് ബാധയുടെ ലക്ഷണമായി പറയുന്നത്. ചത്തമൃഗങ്ങളുടെ ശരീരഭാഗത്തുനിന്നും കറുത്ത നിറത്തിലുള്ള രക്തം വന്നാൽ ആന്ത്രാക്‌സ് ബാധയാണെന്ന് സ്ഥിരീകരിക്കാമെന്നും പറയുന്നു. ഇത്തരത്തിലുള്ള ജഡങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കാൻ നിർദേശം നല്കിയിട്ടുണ്ട്. വന്യമൃഗങ്ങളുടേയോ വളർത്തു മൃഗങ്ങളുടെയോ ജഡം കണ്ടെത്തിയാൽ കൈകൊണ്ട് തൊടരുതെന്നും നിർദേശം നല്കിയിട്ടുണ്ട്. 
കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയാൽ വിറകുപയോഗിച്ച് കത്തിച്ചുകളയണമെന്നും വലിയ മൃഗങ്ങളുടെ ജഡം കണ്ടാൽ അതത് സ്ഥലത്തുതന്നെ പത്തടി താഴ്ചയിൽ സംസ്‌കരിക്കാനും കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. നേരത്തേ പന്നികളെ കുഴിച്ചിടാനും മറ്റുമായുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടവർക്ക് 15 ദിവസത്തേക്കുള്ള പ്രതിരോധ ഗുളികകൾ നല്കിയിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ഭയം ആവശ്യമില്ലെന്നുമാണ് ആരോഗ്യവകുപ്പ് നല്കുന്ന സൂചന. എന്നിരുന്നാലും പ്രദേശവാസികൾക്ക് ബോധവൽക്കരണം നല്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top