പാലക്കാട്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 65 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളുമായി ആറുപേർ അറസ്റ്റിൽ. കാസർകോട് കളനാട് സ്വദേശികളായ ഹുസൈനാർ (54), സബീർ (35), ജാഫർ (36), അബ്ദുൽറഹ്മാൻ (41), അലാവുദീൻ (38), കോഴിക്കോട് എയർപോർട്ടിനുസമീപത്തെ നജീമുദീൻ (34) എന്നിവരെയാണ് ആർപിഎഫ് അറസ്റ്റ്ചെയ്തത്.
ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ച സാധനങ്ങൾ ട്രെയിൻമാർഗം കാസർകോട്ടേക്ക് കൊണ്ടുപോകുംവഴിയാണ് കുടുങ്ങിയത്. 60 ഗ്രാമിന്റെ സ്വർണക്കട്ടി, 6990 പാക്കറ്റ് വിദേശനിർമിത സിഗരറ്റ്, 764 ഇ സിഗരറ്റ് പായ്‌ക്കറ്റ്, 25 ഐ ഫോൺ എന്നിവയാണ് പിടിച്ചെടുത്തത്. ഇത് വാങ്ങിയതിന്റെ രേഖകളൊന്നും സംഘത്തിന്റെ കൈയ്യിലുണ്ടായിരുന്നില്ല.
പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന് കൈമാറി. ആർപിഎഫ് ഐജി ജി എം ഈശ്വരറാവു, കമാൻഡന്റ് അനിൽ നായർ, സിഐ സൂരജ് എസ് കുമാർ, സബ്ഇൻസ്‌പെക്ടർമാരായ യു രമേഷ്, ടി എം ധന്യ, ക്രൈം സ്‌ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ കെ പ്രസന്നൻ, കോൺസ്റ്റബിൾ കെ വി മനോജ്, എൻ ശ്രീജിത്ത്, പി ശിവദാസ്, വനിതാ കോൺസ്റ്റബിൾ വീണ ഗണേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..