അഗളി
അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റി (എസിഎസ്‌എഫ്)യുടെ റോബസ്റ്റ കാപ്പിക്ക് ദേശീയ അംഗീകാരം. ബംഗളൂരുവിൽ നടന്ന ലോക കാപ്പി സമ്മേളനത്തിലാണ് ദേശീയതലത്തിൽ ആദ്യ അഞ്ചിൽ ഇടം നേടിയത്. ആറ് വിഭാഗങ്ങളിലായി 1776 സാമ്പിളുകൾ പരിശോധിച്ച മത്സരത്തിൽ റോബസ്റ്റ് നാച്വറൽസിലാണ് അട്ടപ്പാടി കാപ്പി ആദ്യ അഞ്ചിലെത്തിയത്.
എസിഎഫ്എസിന് നാല് ഫാമുകളിലായി 1,092 ഹെക്ടർ സ്ഥലമുണ്ട്. ഇതിൽ ചിണ്ടക്കി, കരുവാര, പോത്തുപ്പാടി ഫാമുകളിലാണ് റോബസ്റ്റ കാപ്പിയുള്ളത്. സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിൽ വിളയുന്ന കാപ്പിക്ക് സ്വാഭാവികമായി രുചി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ. പൂർണമായി ജൈവ രീതിയിലാണ് കൃഷി. ഫാമിൽ വിളയിക്കുന്ന കുരുമുളകിനും ഏലത്തിനും ഇതിനകം ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് ഓർഗാനിക് സർട്ടിഫിക്കേഷനും ലഭിച്ചു. 2022ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിന്റെ സ്‌പൈസസ് അവാർഡും എസിഎഫ്എസിനായിരുന്നു.
സ്വന്തമായി കയറ്റുമതി ലൈസൻസുള്ള സൊസൈറ്റിയുടെ കാപ്പിക്കും കുരുമുളകിനും ഏലത്തിനും വിദേശ രാജ്യങ്ങളിലും ആവശ്യക്കാരുണ്ട്. വരും വർഷങ്ങളിൽ 12 ലക്ഷം റോബസ്റ്റ കാപ്പിച്ചെടികളും കാൽ ലക്ഷം ഏലം ചെടികളും നടാനുള്ള ഒരുക്കത്തിലാണ് എസിഎഫ്എസ്. ഇതിനായി പോത്തുപ്പാടി ഫാമിലെ കുറുക്കൻക്കുണ്ടിൽ പ്രത്യേക സ്ഥലം ഒരുക്കും. സ്‌പൈസസ് പാർക്ക് ഒരുക്കാനും പദ്ധതിയുണ്ട്.
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെകീഴിലുളള സഹകരണ സംഘമാണ് എസിഎഫ്എസ്. നാനൂറോളം ആദിവാസി കുടുംങ്ങളാണ് അംഗങ്ങൾ. ഓഹരി ഉടമകൾ തന്നെയാണ് തൊഴിലാളികളും. ജില്ലാ കലക്ടറാണ് പ്രസിഡന്റ്. ഒറ്റപ്പാലം സബ് കലക്ടർ മാനേജിങ് ഡയറക്ടറായ ഭരണ സമിതിയാണ് സംഘത്തെ നയിക്കുന്നത്. പട്ടികവർഗ വികസന വകുപ്പിലെ അസി.ഡയറക്ടറായ ആർ രാജേഷാണ് നിലവിലെ സെക്രട്ടറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..