25 April Thursday
മധു വധക്കേസ്

12 പേരുടെ ജാമ്യാപേക്ഷയിൽ ഇന്ന്‌ വിധി

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022
മണ്ണാർക്കാട്
അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട്‌ പ്രത്യേക കോടതി ശനിയാഴ്‌ച പരിഗണിക്കും. മുമ്പ്‌ പ്രതികൾക്ക്‌ ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന്‌ തെളിഞ്ഞതോടെ വിചാരണക്കോടതി റദ്ദാക്കി. ഇത്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. എന്നാൽ, ഉത്തരവ്‌ ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കി പ്രതികളോട്‌ വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. തുടർന്നാണ്‌ പ്രതികളുടെ അഭിഭാഷകൻ  ജാമ്യാപേക്ഷ നൽകിയത്‌. 
മുമ്പ്‌ കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കളവ്‌ പറഞ്ഞ 26 –-ാം സാക്ഷി സുരേഷ്‌കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും ശനിയാഴ്‌ച വിധി പറയും. വനംവകുപ്പ്‌ ജീവനക്കാരനായ സുരേഷ്‌കുമാറിനെ വിസ്തരിച്ചപ്പോൾ തെളിവുകൾ തിരിച്ചറിയാൻ കണ്ണിന്‌ കാഴ്ചയില്ലെന്നാണ്‌ മൊഴി നൽകിയത്‌. തുടർന്ന്‌ ഇയാളുടെ കാഴ്‌ചശക്തി പരിശോധിക്കാൻ ജഡ്‌ജി കെ എം രതീഷ്‌കുമാർ ഉത്തരവിട്ടു. 
  പരിശോധനയിൽ കാഴ്‌ചയ്‌ക്ക്‌ കുഴപ്പമില്ലെന്നും സാക്ഷി കളവു പറഞ്ഞതാണെന്നും ബോധ്യമായതിനെതുടർന്നാണ്‌ സുരേഷ്‌കുമാറിനെ ശിക്ഷിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്‌. വനംവകുപ്പ്‌ താൽക്കാലിക ജീവനക്കാരനായ സുരേഷ്‌കുമാറിനെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടിരുന്നു.
2 സാക്ഷികൾ മൊഴിയിലുറച്ചു
കേസിൽ വെള്ളിയാഴ്ച വിസ്തരിച്ച രണ്ട്‌ സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. വനംവകുപ്പ് ജീവനക്കാരൻ സി സുമേഷ്,
താജുദ്ദീൻ എന്നിവരാണ് മൊഴിയിൽ ഉറച്ചുനിന്നത്. ആവർത്തനമൊഴിയായതിനാൽ 41 –--ാം സാക്ഷി സിന്ധുഷയെ വിസ്തരിച്ചില്ല. വെള്ളിയാഴ്ച ഹാജരാകേണ്ടിയിരുന്ന 46–--ാംസാക്ഷി ലത്തീഫ് ആശുപത്രിയിലായതിനാൽ മറ്റൊരു ദിവസത്തേക്ക് വിസ്താരം മാറ്റി. മധു കൊല്ലപ്പെടുമ്പോൾ അഗളി ഡിവൈഎസ്‌പിയായിരുന്ന ടി കെ സുബ്രഹ്മണ്യന്റെ വിസ്താരം ആരംഭിച്ചു. ടി കെ സുബ്രഹ്മണ്യനെ മൂന്നിന്‌ വീണ്ടും വിസ്തരിക്കും. 
  കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോ ദൃശ്യത്തെ സംബന്ധിച്ച്‌ പ്രതിഭാഗം അഭിഭാഷകൻ ശ്രീനാഥ് ഉന്നയിച്ച ആധികാരികത സംബന്ധിച്ച വാദം കോടതി അംഗീകരിച്ചു. കോടതിയിലും പ്രതികളുടെയും പ്രോസിക്യൂഷന്റെയും പക്കലുമുള്ള പെൻഡ്രൈവിൽനിന്ന്‌ കോപ്പി ചെയ്തു സൂക്ഷിച്ച ദൃശ്യങ്ങൾ ഉദ്യോഗസ്ഥൻ സ്വന്തം ലാപ്ടോപ് ഉപയോഗിച്ച് പ്രദർശിപ്പിച്ചത് ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു.  ഇതിൽ എആർ ക്യാമ്പിലെ പൊലീസുകാരനെതിരെ നടപടിയെടുക്കില്ലെങ്കിലും ലാപ്ടോപ് കോടതി കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച 92 മുതൽ 95വരെ നാല്‌ സാക്ഷികളെ വിസ്തരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top