28 March Thursday

മഴക്കാലം പൊളിയാക്കാം: സഞ്ചാരികളെ ഇതിലേ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കാലവർഷം കനത്തതോടെ തെക്കേ മലമ്പുഴയിലെ മലയിൽ നിന്നുള്ള വെള്ളച്ചാട്ടം ഫോട്ടോ: പി വി സുജിത്

പാലക്കാട്‌ 
മഴയും മഞ്ഞും തണുപ്പും ചേർന്നൊരുക്കുന്ന അനുഭവത്തെ സഞ്ചാരികൾക്ക്‌ സമ്മാനിക്കാൻ മൺസൂൺ ടൂറിസത്തിനൊരുങ്ങി ജില്ല. മൺസൂൺ ടൂറിസത്തിന്‌ ഏറ്റവും അധികം സാധ്യതകളുള്ള ജില്ലയായിട്ടും കാര്യക്ഷമമായി ഉപയോഗിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. മഴയാത്ര, ഡാം സന്ദർശനം അടക്കമുള്ള നിരവധി പാക്കേജുകൾ ഒരുക്കി റിസോർട്ടുകളും ടൂർ ഓപ്പറേറ്റർമാരും തയ്യാറാണ്‌. 
   സാധാരണ ജൂൺ ആദ്യം നിറയാറുള്ള ഡാമുകളിൽ ഇത്തവണ വെള്ളം കുറഞ്ഞു. മഴയില്ലാത്തതിനാൽ വെള്ളച്ചാട്ടങ്ങൾ സജീവമായിരുന്നില്ല. എന്നാൽ, ജൂൺ അവസാനം ലഭിച്ച മഴയിൽ വെള്ളച്ചാട്ടങ്ങൾ സജീവമാണ്‌. ഇത്‌ മൺസൂൺ ടൂറിസത്തിന്‌ പ്രതീക്ഷയേകുന്നുണ്ട്‌. നെല്ലിയാമ്പതി, അട്ടപ്പാടി, മലമ്പുഴ എന്നിവിടങ്ങളിലാണ്‌ മഴക്കാലത്ത്‌ കൂടുതൽ സഞ്ചാരികളെത്തുക. സൈലന്റ്‌വാലി വനത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ച ലഭിക്കുക മഴക്കാലത്താണ്‌.
    ധോണി, മീൻവല്ലം, പാലക്കുഴി, കാരപ്പാറ, സീതാർകുണ്ട്‌ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാൻ അവധി ദിവസങ്ങളിൽ നിരവധി പേരാണ്‌ എത്തുന്നത്‌.  ധോണി, മീൻവല്ലം വെള്ളച്ചാട്ടങ്ങൾ വനംവകുപ്പിന്റെ അനുമതിയോടെയേ സന്ദർശിക്കാനാകൂ. മലമ്പുഴ, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളിൽ വെള്ളം നിറയുന്നതോടെ ഇവിടേക്ക്‌ കൂടുതൽ സഞ്ചാരികളെത്തും. മഴക്കാലത്ത്‌ നെല്ലിയാമ്പതി മലയിൽനിന്ന്‌ ആരംഭിക്കുന്ന നൂറുകണക്കിന്‌ വെള്ളച്ചാട്ടങ്ങൾ കാണുന്നതിന്‌ കൊല്ലങ്കോടും നിരവധി സഞ്ചാരികളെത്തുന്നു. 
   നവീകരിച്ച വെള്ളിയാങ്കല്ല്‌ പൈതൃകപാർക്കും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നുണ്ട്‌. വയനാട്‌ ചുരത്തിൽ നടത്താറുള്ള മൺസൂൺ നടത്തം അടക്കമുള്ള പരിപാടികൾക്ക്‌ അട്ടപ്പാടിയിൽ സാധ്യതയുണ്ട്‌.  
മഴക്കാല ഓഫർ
വിവിധ റിസോർട്ടുകളും ഹോംസ്റ്റേകളും ടെന്റ്‌ സ്റ്റേകളും ജില്ലയിൽ മഴക്കാല ഓഫറുകൾ നൽകുന്നുണ്ട്‌. 
    ഭക്ഷണം, ട്രക്കിങ്, താമസം അടക്കമുള്ള പാക്കേജുകൾക്കാണ്‌ ആവശ്യക്കാർ കൂടുതൽ. വെള്ളിയാങ്കല്ലിൽ കയാക്കിങ് അടക്കം വിനോദസഞ്ചാരവകുപ്പ്‌ വിവിധ പദ്ധതികൾ സർക്കാരിലേക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌. അനുമതി ലഭിക്കുന്നതനുസരിച്ച്‌ തുടർ നടപടിയുണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top