18 April Thursday
ആനപ്പന്തലുകൾ ഇന്നുമുതൽ പ്രഭചൊരിയും

നെന്മാറയും 
വല്ലങ്ങിയും വേലയ്‌ക്കൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

ദീപാലംകൃതമായ നെന്മാറ പൊലീസ് സ്റ്റേഷൻ

കൊല്ലങ്കോട്

നെന്മാറ–-വല്ലങ്ങി വേലയുടെ പ്രധാന ആകർഷണമായ ബഹുനില ആനപ്പന്തലുകൾ ശനിയാഴ്‌ചമുതൽ പ്രഭ ചൊരിയും. കംപ്യൂട്ടർ നിയന്ത്രിത ദീപാലങ്കാരം ചൊവ്വാഴ്‌ചവരെ തുടരും. ഒരു ബൾബിൽനിന്നുതന്നെ വ്യത്യസ്ത നിറങ്ങൾ പ്രകാശിപ്പിക്കാൻ കഴിയുന്ന ചിപ്പ് സംവിധാനമുള്ള പിക്‌സൽ നിയോൺ എൽഇഡി ബൾബുകളാണ് ദീപാലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്‌. 
രണ്ടു ലക്ഷത്തോളം ബൾബുകൾ ഓരോ പന്തലിലും പ്രകാശിക്കും. ആധുനിക രീതിയിലുള്ള പിക്സൽ ബൾബുകൾ ആയതിനാൽ ഒരു ബൾബിന് തടസ്സം നേരിട്ടാലും ദീപാലങ്കാരത്തിലെ മറ്റു ബൾബുകൾ തടസ്സമില്ലാതെ പ്രകാശിക്കും. ജനറേറ്ററിന്റെ ഡിസി കറന്റിൽ പ്രവർത്തിക്കുന്ന ബൾബുകളാണിവ. മഴനനഞ്ഞാലും ഷോട്ട് സർക്യൂട്ട്, ഷോക്ക് എന്നിവയുണ്ടാകില്ല.
ശനിയാഴ്ച രാത്രി നെന്മാറ ദേശം കരിവേല ആഘോഷിക്കും. മനങ്ങോട്, കണിമംഗലം, വേട്ടയ്ക്കൊരുമകൻ ക്ഷേത്രം, പുത്തൻതറ എന്നിവിടങ്ങളിൽനിന്നുള്ള കരിവേല രാത്രി 11ന്‌ നെന്മാറ മന്ദത്ത് സംഗമിക്കും.
 ഇരുദേശങ്ങളിലും പറയെടുപ്പ്‌ തുടങ്ങി. നെന്മാറ ദേശം നെന്മാറ മന്ദത്തും വല്ലങ്ങി ദേശം വല്ലങ്ങി ശിവക്ഷേത്രത്തിലുമാണ് പറയെടുപ്പ് തുടങ്ങിയത്‌. തിങ്കളാഴ്‌ചവരെ ഇരുദേശങ്ങളിലും പറയെടുപ്പുണ്ടാകും.
സുരക്ഷയ്ക്ക് പൊലീസ് സ്റ്റേഷനൊരുങ്ങി
നെന്മാറ വല്ലങ്ങി വേലയ്ക്ക് സുരക്ഷയൊരുക്കാൻ കൊല്ലങ്കോട്‌ പൊലീസ്‌ സ്റ്റേഷൻ ഒരുങ്ങി. കൺട്രോൾ റൂം സ്റ്റേഷനിൽ തുണിപ്പന്തൽ, ഇരിപ്പിടങ്ങൾ, ശുചിമുറികൾ, വിശ്രമസ്ഥലങ്ങൾ എന്നിവ സജ്ജമാക്കി. 
അഞ്ച് ഡിവൈഎസ്‌പിമാരും, 13 സിഐമാരും ഉള്‍പ്പെടെ 1100  പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ഗതാഗത ക്രമീകരണത്തിനായി നിയോഗിക്കും. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ക്കുപുറമേ ക്ഷേത്രത്തിനുസമീപം വാച്ച് ടവറും പ്രവർത്തിക്കും. വിവിധ ഭാഗങ്ങളിൽ നീരിക്ഷണ ക്യാമറ സ്ഥാപിച്ച് കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കും. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ വാഹനങ്ങളും സജ്ജമാക്കി നിർത്തും. വേലക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പ്രത്യേക ക്രമീകരണമൊരുക്കും.
വേലയുടെ ഭാഗമായി സ്റ്റേഷനും പരിസരവും വൈദ്യതി ദീപാലങ്കാരം നടത്തി മനോഹരമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top