20 April Saturday
നഗരസഭയുടെ വീഴ്‌ച മറയ്‌ക്കാൻ അപവാദ പ്രചാരണം

സക്കീറിന്റെ ഇടപെടൽ തൊഴിലാളികൾക്ക്‌ വേണ്ടി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
 
പട്ടാമ്പി  
അതിഥി തൊഴിലാളികളോട്‌ പട്ടാമ്പി നഗരസഭയിലെ യുഡിഎഫ്‌ ഭരണസമിതി കാണിക്കുന്ന അവഗണന മറച്ചുവയ്‌ക്കാൻ സിഐടിയു നേതാവിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്ന്‌ സിപിഐ എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
അതിഥി തൊഴിലാളികൾക്ക്‌  സംരക്ഷണം ഉറപ്പാക്കാനാണ്‌ അതിഥി തൊഴിലാളി യൂണിയൻ സിഐടിയു നേതാവുകൂടിയായ സക്കീർ ഹുസൈൻ ശ്രമിച്ചത്‌. നഗരസഭ കാണിക്കുന്ന വിവേചനത്തിനെതിരെ സക്കീർ മികച്ച ഇടപെടലാണ് നടത്തിയത്‌. 
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പണിയില്ലാതെ നാട്ടിലേക്ക് പോകാൻ കഴിയാതെ ആയിരത്തിലധികം അതിഥി തൊഴിലാളികൾ പട്ടാമ്പിയിൽ താമസിക്കുന്നു. ഇവർക്ക് ഭക്ഷണം നൽകാൻ ജില്ലാ കുടുംബശ്രീ മിഷൻ നഗരസഭയോട് ആവശ്യപ്പെട്ടു. ചെലവ് തൊഴിൽ വകുപ്പ് വഹിക്കുമെന്നും അറിയിച്ചു. എന്നാൽ ഏറ്റെടുക്കാനാവില്ല എന്ന നിലപാടാണ്  നഗരസഭ  സ്വീകരിച്ചത്. 
ഇതേതുടർന്ന് ജില്ലാ ഭരണാധികാരികളെ  വിഷയം അറിയിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ സബ്കലക്ടർ, ജില്ലാ ലേബർ ഓഫീസർ ഉൾപ്പെടെയുള്ളവർ  സ്ഥലത്തെത്തി പ്രശ്‌നത്തിൽ ഇടപെട്ടു. അതിഥി തൊഴിലാളികളെ ഇറക്കിവിട്ട ആറ്‌ കെട്ടിട ഉടമകൾതിരെ കേസെടുത്ത്‌ കെട്ടിടം ഏപ്രിൽ 30 വരെ സർക്കാർ ഏറ്റെടുത്തു. കെട്ടിട ഉടമകളെല്ലാം യുഡിഎഫ് അനുകൂലികളാണ്. സർക്കാർ ഏറ്റെടുത്തതോടെ തൊഴിലാളികൾക്ക് വാടകനൽകാതെ താമസിക്കാം. രണ്ടുദിവസത്തെ ഭക്ഷണവും സർക്കാർ ഏർപ്പാടാക്കി. തുടർന്ന്‌ ആട്ടയും പരിപ്പും പൊതികളാക്കി തൊഴിലാളികൾക്ക് നൽകി. ഇക്കാര്യങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ  സക്കീറിനെതിരെ രാഷ്ട്രീയവിരോധം തീർക്കുകയാണ്‌ യുഡിഎഫ്‌ നഗരസഭ ചെയർമാൻ. 
വീട്ടിലായിരുന്ന സക്കീർഹുസൈനെ അസിസ്റ്റൻറ് ലേബർ ഓഫീസർ ആവശ്യപ്പെട്ടതനുസരിച്ചാണ് വിളിച്ചുവരുത്തിയത്. തൊഴിലാളി നേതാവ് എന്ന നിലയിയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലാണ്‌  അതിഥി തൊഴിലാളികൾക്ക്‌ തുണയായാത്‌.  തൊഴിലാളികളെ കാര്യംപറഞ്ഞ് ബോധ്യപ്പെടുത്തി മുറികളിലാക്കാൻ പൊലീസും ആവശ്യപ്പെട്ടു. 
നഗരസഭയ്‌ക്കെതിരെ ആളെക്കൂട്ടി എന്ന ചെയർമാന്റെ പരാതിയിൽ പൊലീസ് എടുത്ത കേസിന്റെ മറവിൽ  നടത്തുന്ന അപവാദപ്രചാരണം ജനംതള്ളുമെന്നും വിനയകുമാർ  പറഞ്ഞു.  ഏരിയാ കമ്മിറ്റിയംഗം എ വി സുരേഷ്, ലോക്കൽ സെക്രട്ടറി കെ പി അജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top