24 April Wednesday
സര്‍ക്കാര്‍ ഇടപെടല്‍

അന്നംമുട്ടില്ല; എത്തിയത് 5,500 ടണ്‍ അരി

സ്വന്തം ലേഖകൻUpdated: Wednesday Apr 1, 2020
 
 
പാലക്കാട്
ലോക്ക് ഡൗണിൽ  പാലക്കാട്  ജില്ലയ്‍ക്ക് അന്നംമുട്ടില്ല. അടച്ചിടലിനുശേഷമുള്ള ഏഴുദിവസത്തിൽ 5500 ടൺ അരി ജില്ലയിലെ എഫ്‍സിഐ ​ഗോഡൗണിൽ എത്തി. സാധാരണ ഒരു മാസത്തിൽ 7000 ടൺ അരി എത്തുന്ന സ്ഥലത്താണ് ഒരാഴ്‌ചകൊണ്ട്  ഇത്രയധികം സംഭരിച്ചത്.
മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യസാധനം സംഭരിക്കാനുള്ള സർക്കാർ ഇടപെടലിലാണ്‌ ആന്ധ്രപ്രദേശിൽനിന്ന്‌ അധികം അരി ജില്ലയിൽ എത്തിയത്.  ദിവസവും ശരാശരി 1300 ടൺ അരി എത്തുന്നുണ്ട്. ലോക്ക് ഡൗണിന് പിന്നാലെ 500 ടൺ അരി ജില്ലയിൽ വിതരണം ചെയ്‍തിട്ടുണ്ട്. റേഷൻക‌ട, സിവിൽ സപ്ലൈസ് എന്നിവ വഴിയാണ്  അരി നൽകുന്നത്. ബുധനാഴ്‍ച മുതൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണം ആരംഭിക്കും. 
സൗജന്യ വിതരണത്തിന് മുന്നോടിയായി കൂടുതൽ അരി സംസ്ഥാന സർക്കാർ ആന്ധ്രപ്രദേശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ഒരാഴ്‍ചകൊണ്ട് ഇത്രയധികം അരി സംഭരിച്ചത്. റേഷൻകട വഴിയുള്ള അരി വിതരണത്തിന് ജില്ല പൂർണതോതിൽ സജ്ജമാണെന്നും എല്ലാവർക്കും പ്രഖ്യാപിച്ച അരി വിതരണം ചെയ്യാനാകുമെന്നും എഫ്‍സിഐ പാലക്കാട് ഡിവിഷണൽ മാനേജർ പി സേതുമാധവൻ പറഞ്ഞു.
വരും ദിവസങ്ങളിൽ ഗോതമ്പും ജില്ലയിലെത്തും. ​ആന്ധ്രയിൽനിന്ന് ​ഗോതമ്പ് കൊണ്ടുവരാനുള്ള നടപടി  പൂർത്തിയായി. 2,600 ടൺ ​ഗോതമ്പെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. റെയിൽവേയുടെ ഗുഡ്‌സ്‌ ട്രെയിനുകളിലൂടെയാണ് അരിയും ​ഗോതമ്പും പാലക്കാട്ടെ എഫ്‍സിഐ ​ഗോഡൗണിൽ എത്തുന്നത്.
തൊഴിലാളികള്‍ക്ക്  സുരക്ഷയില്ലെന്ന് പരാതി
അവശ്യസർവീസ് എന്ന നിലയിൽ പുതുപ്പരിയാരത്തെ എഫ്‍സിഐ ​ഗോഡൗണിൽ നിരവധി തൊഴിലാളികളാണ്  ദിവസവും ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ മുൻകരുതലില്ല. മാസ്‌കോ, സാനിറ്റൈസറോ ഇല്ലാതെയാണ് പലരും ജോലി ചെയ്യുന്നത്. ട്രെയിനുകളിൽ എത്തുന്ന അരി ഇറക്കുന്നതും വിവിധ ലോറികളിൽ കയറ്റുന്നതും തൊഴിലാളികളാണ്‌. അരിയെടുക്കാൻ നിരവധി ലോറികൾ ദിവസവും എത്തുന്നു. ഇവർക്കൊന്നും സുരക്ഷിതത്വമില്ലെന്നും  തൊഴിലാളികള്‍ പരാതിപ്പെടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top