പാലക്കാട്
കർഷകത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നെടുനായകത്വം വഹിച്ച പാലക്കാടിന്റെ മണ്ണിൽ ജനമുന്നേറ്റത്തിന്റെ പുതുചരിത്രം കുറിച്ച് പ്രക്ഷോഭ ജാഥയ്‌ക്ക് ഉജ്വല വരവേൽപ്പ്. കെഎസ്‌കെടിയു ആദ്യ കൺവൻഷൻ നടന്ന മണ്ണിൽ, രക്തസാക്ഷികളുടെ ധീരസ്‌മരണകൾ നെഞ്ചേറ്റി സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയെ ജനത ഇടനെഞ്ചിൽ ചേർത്തുപിടിച്ചു.
‘കൃഷി, ഭൂമി, പുതുകേരളം’ മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥയെ ചൊവ്വ രാവിലെ പത്തിന് ജില്ലാ അതിർത്തിയായ പുലാമന്തോളിൽ വരവേറ്റു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ജാഥാക്യാപ്‌റ്റനെ ഷാൾ അണിയിച്ചു. കിസാൻസഭ അഖിലേന്ത്യാ കൗൺസിൽ അംഗം സി കെ രാജേന്ദ്രൻ, പി മമ്മിക്കുട്ടി എംഎൽഎ, വി കെ ചന്ദ്രൻ, എൻ പി വിനയകുമാർ, സുബൈദ ഇസഹാഖ്, സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്‌ണൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, സംസ്ഥാന കമ്മിറ്റിയംഗം എം ടി ജയപ്രകാശ്, എ വി സുരേഷ്, യു അജയകുമാർ എന്നിവർ ജാഥയെ സ്വീകരിച്ചു. വാദ്യമേളങ്ങളും വെടിക്കെട്ടും മുത്തുക്കുടയും അകമ്പടിയേകി. ഉച്ചവെയിലിന്റെ കാഠിന്യത്തെ വകവയ്‌ക്കാതെ വൻ ജനാവലി ജാഥയെ സ്വീകരിക്കാൻ ഓരോ കേന്ദ്രങ്ങളിലും കാത്തുനിന്നു. പട്ടാമ്പി, കടമ്പഴിപ്പുറം, പാലക്കാട്, കൊടുവായൂർ, ആലത്തൂർ എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണം നൽകി.
ജനുവരി 25ന് കാസർകോട്ടുനിന്ന് തുടങ്ങിയ ജാഥ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് പാലക്കാട്ട് പ്രവേശിച്ചത്. ബുധനാഴ്‌ച തൃശൂർ ജില്ലയിലേക്ക് കടക്കും. ഫെബ്രുവരി എട്ടിന് നെടുമങ്ങാട് സമാപിക്കും.
നെൽവയൽ തരിശിടരുത്, കർഷകത്തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, അവശേഷിക്കുന്ന മിച്ചഭൂമി–- പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്രനീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ.
സ്വീകരണകേന്ദ്രങ്ങളിൽ ക്യാപ്‌റ്റനായ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, വൈസ്‌ക്യാപ്‌റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശനൻ , അംഗങ്ങളായ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്‌മണൻ എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..