20 April Saturday

നെഞ്ചിൽ നൊമ്പരമായി ഹക്കീം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 1, 2022

വീരമൃത്യു വരിച്ച സിആർപിഎഫ്‌ ജവാൻ എസ്‌ മുഹമ്മദ്‌ ഹക്കീമിന്റ മൃതദേഹം ധോണി പയറ്റാംകുന്നിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ വിങ്ങിപ്പൊട്ടുന്ന ഭാര്യ റംസീന ഫോട്ടോ: പി വി സുജിത്

സ്വന്തം ലേഖകൻ
പാലക്കാട്
മുഹമ്മദ് ഹക്കീമിന്റെ 
വിയോ​ഗവാർത്ത പയറ്റാംകുന്ന് എന്ന നാടിനെയാകെ വേദനിപ്പിക്കുകയാണ്. അവധിക്ക് നാട്ടിലെത്തുമ്പോൾ കൂട്ടുകാർക്കുവേണ്ടി കൂടുതൽ സമയം നീക്കിവയ്‌ക്കുന്ന ഹക്കീമിന്റെ വേർപാട് എല്ലാവർക്കും നൊമ്പരമായി.
ഓണാവധിക്ക് നാട്ടിലെത്തിയ ഹക്കീം സെപ്തംബറിലാണ് തിരിച്ചുപോയത്. ഓണത്തിന് ഭാര്യ റംസീനയെയും മകൾ ഫാത്തിമയെയും കൂട്ടി മലമ്പുഴ ഉദ്യാനം കാണാനും പോയി. അപകടം നടക്കുന്ന ചൊവ്വാഴ്ച ഉച്ചവരെ വീട്ടുകാരുമായി ഹക്കീം ഫോണിൽ സംസാരിച്ചിരുന്നു. ഡിസംബർ അവസാനത്തോടെ വീണ്ടും അവധിയെടുത്ത് നാട്ടിൽ എത്തണമെന്ന ആ​ഗ്രഹവും പറഞ്ഞിരുന്നു. 20ന് ശേഷം അവധി ലഭിക്കുമോ എന്നും ഹക്കീം അന്വേഷിച്ചിരുന്നു. കാടിനുള്ളിൽ മാവോയിസ്റ്റ്‌ ഓപ്പറേഷന്‌ പോയതോടെ കുറച്ച് ദിവസമായി ഹക്കീമിനെ വീട്ടുകാർക്ക് പഴയത് പോലെ ഫോണിൽ ലഭിച്ചിരുന്നില്ല. പലപ്പോഴും വിളിക്കുമ്പോൾ നെറ്റ്‍വർക്ക് ഉണ്ടാകാറില്ല. എങ്കിലും രാത്രി എങ്ങനെയെങ്കിലും വീട്ടിലേക്ക് വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കൾ വിളിച്ചപ്പോഴും കാട്ടിലെ ഓപ്പറേഷന്റെ കാര്യം പറഞ്ഞിരുന്നു. സൂക്ഷിക്കണമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പും നൽകി. 2007ൽ ജോലിയിൽ കയറിയ ഹക്കീം ഈ വർഷമാണ് 15 വർഷം പൂർത്തിയാക്കിയത്. ഇതിന്റെ ഓർമ്മയ്ക്ക് തന്റെ 15 വർഷത്തെ ജോലിക്കിടയിൽ വിവിധ സ്ഥലങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ചേർത്തുള്ള വലിയൊരു ഫ്രെയിം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
ഹക്കീമിന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ കോയമ്പത്തൂരിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക സംഘം പയറ്റാംകുന്നിലെ വീട്ടിലെത്തി. പൊതുദർശനം നടക്കുന്ന ഉമ്മിനി സ്കൂളും കബറടക്കുന്ന പള്ളിയും സംഘം പരിശോധിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ മരണ വിവരം അറിഞ്ഞ് വീട്ടിലെത്തി.  
അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് വി ബിജോയ്, സിപിഐ എം മുണ്ടൂര്‍ ഏരിയ സെക്രട്ടറി സി ആര്‍ സജീവ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രിയും
എം വി ഗോവിന്ദനും   
അനുശോചിച്ചു
തിരുവനന്തപുരം
ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച  സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനുശോചിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഇരുവരും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top