24 April Wednesday

സാമഗ്രികളുടെ വിലക്കയറ്റം; 
നിർമാണമേഖല പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 1, 2022
സ്വന്തം ലേഖിക
പാലക്കാട്‌
സാമഗ്രികളുടെ വിലക്കയറ്റത്തെത്തുടർന്ന്‌ നിർമാണ മേഖല പ്രതിസന്ധിയിലായി. സിമന്റ്‌, കമ്പി, കട്ട, എം സാൻഡ്‌, പ്ലംബിങ് –- വയറിങ് സാധനങ്ങൾ, പെയിന്റ്‌ എന്നിവയ്‌ക്കെല്ലാം വില വർധിച്ചു. ഉയർന്ന ജിഎസ്‌ടിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയുമാണ്‌ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. 
മണലിനുപകരം ഉപയോഗിക്കുന്ന ഗുണനിലവാരമുള്ള ഒരു യൂണിറ്റ്‌ എം സാൻഡ്‌ പണിസ്ഥലത്തെത്താൻ 5,600 രൂപ വേണം. രണ്ടാംതരം എം സാൻഡിനാകട്ടെ 5,200 രൂപയാണ്‌. നാലു മാസത്തിനിടെ 40 ശതമാനമാണ്‌ വിലവർധന. ഹോളോ ബ്രിക്‌സ്‌ വില ഒരെണ്ണത്തിന്‌ അഞ്ചു മാസത്തിനിടെ ഏഴു രൂപ വർധിച്ച്‌ 28 ആയി. ഇഷ്ടികവില മൂന്നു രൂപ വർധിച്ച്‌ പത്തു രൂപയായി. രാംകോ സിമന്റ്‌ 50 കിലോ ചാക്കിന്‌ 480ഉം മറ്റുള്ളവയ്‌ക്ക്‌ 420 രൂപയുമാണ്‌. ഒരു വർഷത്തിനിടെ 100 രൂപ കൂടി. കേന്ദ്ര സർക്കാർ സിമന്റിന്‌ 28 ശതമാനം നികുതി വർധിപ്പിച്ചതാണ്‌ വില ഉയരാനിടയാക്കിത്‌. മൂന്നു മാസത്തിനിടെ മെറ്റൽ വില യൂണിറ്റിന്‌ 1000 മുതൽ 1200 വരെ രൂപ വർധിച്ചു. പ്ലംബിങ്, ഇലക്‌ട്രിക്കൽ സാധനങ്ങൾക്കും പെയിന്റിനും നികുതി 12ൽനിന്ന്‌ 18 ശതമാനമായതോടെ വില ഉയർന്നു. പെട്രോ കെമിക്കൽ ഉൽപ്പന്നമായ പെയിന്റിന്‌ ഇന്ധനവില വർധനയെത്തുടർന്ന്‌ 50 ശതമാനം വില കൂടി.
ഒരു ചതുരശ്ര അടി ടൈലിന്‌ പത്തുരൂപ വർധിച്ചു. ഗുജറാത്തിൽനിന്നുള്ള ടൈലാണ്‌ ഇവിടെ മാർക്കറ്റിലുള്ളത്‌. ഇടക്കാലത്ത്‌ ചൈനയിൽനിന്ന്‌ നിലവാരമുള്ള വിലകുറഞ്ഞ ടൈൽ എത്തിയെങ്കിലും ഇറക്കുമതി ചുങ്കം വർധിപ്പിച്ച്‌ കേന്ദ്ര സർക്കാർ ചൈനയെ ഓടിച്ചു. 
ഡിസംബർമുതൽ മെയ്‌വരെയാണ്‌ സംസ്ഥാനത്ത്‌ പ്രധാനമായും നിർമാണ ജോലികൾ നടക്കുന്നത്‌. ഈ കാലയളവിലാണ്‌ വില വർധനയും ഉണ്ടാകുന്നത്‌. 100 രൂപയുടെ ഉൽപ്പന്നത്തിന്‌ 18 രൂപയാണ്‌ ജിഎസ്‌ടി ഈടാക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമില്ലാത്തതിനാൽ കമ്പനികൾ തോന്നുംപോലെ വില വർധിപ്പിക്കും.
സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നവും ലക്ഷക്കണക്കിന്‌ കുടുംബങ്ങളുടെ ഉപജീവന മാർഗവുമാണ്‌ മോദി സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളിൽ ഇല്ലാതാകുന്നതെന്ന്‌ കേരള സ്‌റ്റേറ്റ്‌ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ ടി കെ അച്യുതൻ പറഞ്ഞു. കേരളത്തിൽ 50 ലക്ഷം തൊഴിലാളികൾ നിർമാണ മേഖലയിൽ പണിയെടുക്കുന്നു. കേന്ദ്രത്തിന്‌ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന മേഖലയായിട്ടും സാധാരണക്കാരുടെ വിഷയമായതിനാൽ മോദി സർക്കാരിന്‌ താൽപ്പര്യമില്ല.
ഒരു ലക്ഷം പേർക്ക്‌ തൊഴിൽ നഷ്ടം
കേന്ദ്ര ഹരിത ട്രിബ്യൂണൽ ഇടപെടൽ കാരണം കേരളത്തിൽ ചെറുകിട ക്വാറികൾ പ്രവർത്തിക്കുന്നില്ല. ഇതുവഴി സംസ്ഥാനത്ത്‌ ഒരു ലക്ഷത്തിലറെ പേർക്ക്‌ തൊഴിൽ നഷ്ടമായി.വൻകിട ക്വാറികൾ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ഒക്ടോബർമുതൽ മാർച്ചുവരെയുള്ള സീസണിൽ ഇവർ കൃത്രിമ ക്ഷാമമുണ്ടാക്കി വിലവർധിപ്പിച്ച്‌ കൊള്ളലാഭം കൊയ്യുന്നു. ഇതിന്‌ കേന്ദ്രത്തിന്റെ പിന്തുണയുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top