20 April Saturday
ആശ്രിതർക്കാണ്‌ മുൻഗണനയെന്ന് ആക്ഷേപം

കെപിസിസി പട്ടിക : എതിർപ്പ്‌ കടുക്കും ; ശക്തരാകാൻ പഴയ ഐ ഗ്രൂപ്പ്‌ , കെ മുരളീധരന്‍ പരസ്യമായി രംഗത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022



തിരുവനന്തപുരം
കെപിസിസി അന്തിമ പട്ടിക ഉടൻ പുറത്തിറക്കാനിരിക്കെ അർഹരെ തഴഞ്ഞെന്ന്‌ ആരോപിച്ച്‌ പ്രതിഷേധം കടുപ്പിക്കാൻ ഗ്രൂപ്പ്‌ നേതാക്കൾ. പണം വാങ്ങി ചിലർക്ക്‌ പട്ടികയിൽ ഇടം നൽകിയെന്നും ആശ്രിതർക്കാണ്‌ മുൻഗണന എന്നുമാണ്‌ പ്രധാന ആക്ഷേപം. കെ മുരളീധരനും രമേശ്‌ ചെന്നിത്തലയും യോജിച്ച്‌ പഴയ ഐ ഗ്രൂപ്പ്‌ ശക്തമാക്കുന്ന സാഹചര്യത്തിൽ പട്ടിക പുറത്തുവിട്ടാലുടൻ പ്രതിഷേധം ഉയർന്നേക്കും. എ ഗ്രൂപ്പ്‌ ക്ഷയിച്ചതും തങ്ങൾക്ക്‌ നേട്ടമാകുമെന്നാണ്‌ ഐ ഗ്രൂപ്പ്‌ പ്രതീക്ഷ.

പാർടിയിൽ പ്രവർത്തിച്ച്‌ പരിചയമുള്ളവരും സമരങ്ങളിൽ തല്ലുകൊണ്ട നേതാക്കളുമടക്കം പട്ടികയ്ക്ക്‌ പുറത്താകുമെന്ന ആശങ്കയുമുണ്ട്‌. കെ മുരളീധരൻ പരസ്യമായിത്തന്നെ രംഗത്തുവന്നുകഴിഞ്ഞു. പട്ടിക നേരത്തേ ഹൈക്കമാൻഡിന്‌ നൽകിയെങ്കിലും ഇനിയും പുറത്തുവിട്ടിട്ടില്ല. വലിയ പ്രതിഷേധമുയർന്നേക്കാമെന്ന ഭയവും  വൈകുന്നതിന്‌ കാരണമാകുന്നു.

44 ഒഴിവ്‌ നികത്തി കെ സുധാകരനും വി ഡി സതീശനും ചേർന്ന്‌ തയ്യാറാക്കിയ ആദ്യ പട്ടിക യുവാക്കൾക്ക്‌ പ്രതിനിധ്യമില്ലെന്നു കാണിച്ച്‌ ഹൈക്കമാൻഡ്‌ മടക്കിയിരുന്നു. ടി എൻ പ്രതാപൻ അടക്കമുള്ളവരുടെ പരാതിയെത്തുടർന്നാണ് ഇത്‌. ഐ, എ ഗ്രൂപ്പ്‌ നേതാക്കളെ വിളിച്ചിരുത്തി അവർ നൽകുന്ന പേരുകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 280 പേരുടെ പട്ടികയാണ്‌ നൽകിയത്‌. 30 ശതമാനം നോമിനേഷനുമുണ്ട്‌. 

എന്നാൽ, അന്തിമ പട്ടിക വരുമ്പോൾ ഗ്രൂപ്പുകൾക്കുള്ള പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതുപോലെ ഉണ്ടാകാനിടയില്ല. കെ സി വേണുഗോപാലിന്റെ ഇടപെടലിൽ ചിലർ പട്ടികയിൽ ഇടംപിടിക്കും. കെ സിയെ കേരളത്തിൽ സ്വാധീനിക്കുന്നതിൽനിന്ന്‌ അകറ്റിനിർത്താനുള്ള വി ഡി സതീശന്റെ ശ്രമം ഫലം കാണാനും സാധ്യതയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top