26 April Friday

അങ്കമാലിയിൽ 
ഭിന്നശേഷി പുനരധിവാസ ചികിത്സ കേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


അങ്കമാലി
അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി പീച്ചാനിക്കാട്ട്‌ ആരംഭിച്ച പുനരധിവാസ–-ചികിത്സ കേന്ദ്രം സാമൂഹികനീതിമന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തെ മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിമേഖലയിൽ സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ദേശീയ–- അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ വിവിധ പദ്ധതികളാണ് സാമൂഹികനീതിവകുപ്പ് നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഭിന്നശേഷിക്കുട്ടികളുടെ പുനരധിവാസവും പരിശീലനവും നടപ്പാക്കുന്നത്.

സാമൂഹികനീതിവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെ (എൻഐപിഎംഇആർ) സാറ്റലൈറ്റ് സെന്ററായാണ് പീച്ചാനിക്കാട്ടെ പുനരധിവാസ–-ചികിത്സ കേന്ദ്രം  പ്രവർത്തിക്കുക. വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാക്കും. ചികിത്സകൾക്ക്‌ ഉപകരണങ്ങളും സജ്ജമാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ വൃദ്ധസദനമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നവീകരിച്ച് പുനരധിവാസകേന്ദ്രമാക്കി മാറ്റിയത്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മേരി ദേവസിക്കുട്ടി അധ്യക്ഷയായി. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ഷൈനി ജോർജ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, അനിമോൾ ബേബി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ ജോർജ്, സ്ഥിരംസമിതി അധ്യക്ഷ ഷിജി ജോയി, മനോജ്‌ മുല്ലശേരി, സരിത സുനിൽ ചാലക്ക തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top