29 March Friday

‘‘സ്ഥലം വിട്ടുകൊടുക്കാം; 
കല്ല്‌ പിഴുതത്‌ ഭൂ ഉടമകളല്ല’’ ; നാടിന്റെ വികസനത്തിന് കൂടെനിന്നവരെ സർക്കാർ പറ്റിക്കില്ലെന്ന് ഞങ്ങൾക്ക്‌ ഉറപ്പാണ്‌.’’

എ എസ്‌ ജിബിനUpdated: Tuesday Jan 25, 2022

പോള്‍ ജേക്കബ്


കൊച്ചി‌
‘‘കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വീടും സ്ഥലവും വിട്ടുകൊടുക്കേണ്ടി വരുമ്പോൾ വിഷമമുണ്ടാകും; എന്നാൽ, മാന്യമായ പുനരധിവാസ പാക്കേജ് ലഭിച്ചാൽ സ്ഥലം നൽകാൻ ഞങ്ങൾക്ക്‌ തടസ്സമില്ല. നാടിന്റെ വികസനത്തിന് കൂടെനിന്നവരെ  സർക്കാർ പറ്റിക്കില്ലെന്ന് ഞങ്ങൾക്ക്‌ ഉറപ്പാണ്‌.’’
പുളിയനം പയ്യപ്പള്ളിയിൽ പോൾ ജേക്കബ്ബും കാട്ടൂർമഠം ദേവാഞ്ജലിയിൽ സോമവർമയും പറയുന്നു.

കെ–-റെയിലിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള സർവേയ്‌ക്കായി അങ്കമാലി പുളിയനത്ത്‌ ഇവരുടെയും ഭൂമിയിൽ കഴിഞ്ഞദിവസം കല്ലിട്ടു. ഇവർ ഉൾപ്പെടെ ഭൂരിപക്ഷം ഭൂ ഉടമകൾക്കും എതിർപ്പുണ്ടായില്ല. എന്നാൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കല്ലുകൾ ഇളക്കി പള്ളിമുറ്റത്തിട്ട്‌ റീത്ത്‌ വച്ചു. പുളിയനത്തെ ഭൂ ഉടമകൾ കല്ല്‌ പിഴുതെറിഞ്ഞു എന്ന്‌ ചാനലുകളും തട്ടിവിട്ടു. എന്നാൽ, സത്യം ഇതല്ലെന്ന്‌ ഇവർ പറയുന്നു.

‘‘2000ത്തിലാണ് പുളിയനത്ത് 20 സെന്റ്‌ ഭൂമിയിൽ ഞാൻ വീടുവച്ചത്. ചുറ്റും  ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. മീൻകൃഷിയുമുണ്ട്. 15 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ഇതിനെല്ലാം നഷ്‌ടപരിഹാരം വ്യക്തമാക്കി സർക്കാർ പാക്കേജ്‌  പ്രഖ്യാപിച്ചതോടെ ആശങ്കയില്ല. സർവേക്കല്ല് എടുത്തുമാറ്റുന്നതോ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതോ ഞങ്ങളല്ല.  പഠനം നടത്തിയിട്ടില്ലെന്ന് പ്രചാരണം നടത്തുന്നവർതന്നെയാണ് അതു നടത്താൻ കല്ലിടുമ്പോൾ പിഴുതെറിയുന്നത്. ദൂരെ സ്ഥലങ്ങളിൽനിന്ന്‌ എത്തിയ കെ–-റെയിൽ വിരുദ്ധസമിതി പ്രവർത്തകരും കോൺ​ഗ്രസുകാരുമാണ് സർവേക്കല്ലുകൾ പിഴുത്‌ റീത്ത്‌ വച്ചത്. അതിൽ ഭൂ ഉടമകളില്ല. അതിക്രമം നടത്തി എതിർപ്പ് പ്രകടിപ്പിക്കുന്നത് തെറ്റാണ്’’–- പോൾ ജേക്കബ് പറഞ്ഞു.

പതിമൂന്നരസെന്റിലാണ് സോമവർമയുടെ വീട്. ഡൽഹിയിലായിരുന്ന വർമ 2014 മുതലാണ് ഇവിടെ സ്ഥിരതാമസമാക്കിയത്‌. ‘‘രണ്ടുകൊല്ലം മുമ്പാണ്‌ വീടുപണി പൂർത്തിയായത്. കെ–-റെയിൽ പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുക്കുന്നതിൽ എതിർപ്പില്ല. മാന്യമായ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളത്തിനുപുറത്ത് വികസനത്തിന് ആരും എതിരുനിൽക്കില്ല. ഇവിടെ ഭരിക്കുന്ന പാർടിയോടുള്ള എതിർപ്പിന്റെ പേരിൽ വികസനം തടയാനാണ് ശ്രമം’’– സോമവർമ പറഞ്ഞു.

ഭൂമിയുടെ ഉടമകളുമായാണ് ചർച്ച നടത്തേണ്ടത്. അവരുടെ അഭിപ്രായം ശേഖരിച്ച് പഠനം നടത്തണം. ചാനലുകളിൽ ഉൾപ്പെടെ ഏകപക്ഷീയ ചർച്ചകളാണ് നടക്കുന്നത്. വികസനത്തിനെതിരായ പക്ഷംചേരൽ അവസാനിപ്പിക്കണമെന്നും പോൾ ജേക്കബ്ബും സോമവർമയും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top