24 April Wednesday

ബഹിരാകാശമാലിന്യം 
ഇനി പരീക്ഷണ തട്ടകം ; ഐഎസ്‌ആർഒ ദൗത്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


തിരുവനന്തപുരം
ബഹിരാകാശമാലിന്യം  ‘പരീക്ഷണ തട്ടകമാക്കാ’നൊരുങ്ങി  ഐഎസ്‌ആർഒ. ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത്‌ ഉപേക്ഷിക്കപ്പെടുന്ന റോക്കറ്റ്‌ഭാഗങ്ങളെ ഉപയോഗിച്ചാണ്‌ പുതിയ പരീക്ഷണം. പിഎസ്എൽവി സി 53 വിക്ഷേപണം ഇതിന്റെ ഭാഗമാകും. 30ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്നാണ്‌ വിക്ഷേപണം. സിങ്കപ്പുരിന്റെ മൂന്ന്‌ ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച ശേഷമാകും പരീക്ഷണം.

റോക്കറ്റ്‌ ഭാഗങ്ങളിൽ ഏറിയപങ്കും വിക്ഷേപത്തിനിടെ കത്തിയമരുകയോ കടലിൽ പതിക്കുകയോ ആണ്‌ പതിവ്‌. റോക്കറ്റിന്റെ നാലാംഘട്ടമാണ്‌(പിഎസ്‌–-4) ഉപഗ്രഹത്തെ നിശ്‌ചിത ഭ്രമണപഥത്തിലെത്തിക്കുന്നത്‌. തുടർന്ന്‌, വേർപെടുന്ന റോക്കറ്റ്‌ ഭാഗം  മാലിന്യമായി മാസങ്ങളോളം ബഹിരാകാശത്ത്‌ ചുറ്റിത്തിരിയും. നിയന്ത്രണമില്ലാതെ ഭ്രമണം ചെയ്യുന്ന ഇത്തരം മാലിന്യങ്ങൾ ഉപഗ്രഹങ്ങൾക്കും മറ്റും വലിയ ഭീഷണിയാണ്‌. റോക്കറ്റിന്റെ ഈ ഭാഗത്തെ പരീക്ഷണ മഞ്ചമാക്കി(ഓർബിറ്റൽ എക്‌സ്‌പെരിമെന്റൽ മോഡ്യൂൾ)ഉപയോഗപ്പെടുത്തുകയാണ്‌ ഐഎസ്ആർഒ.  ആറ്‌ ശാസ്‌ത്രീയ  ഉപകരണമാണ്‌ തട്ടകത്തിലുണ്ടാകുക. ഇവയിൽ രണ്ടെണ്ണം സ്‌റ്റാർട്ടപ്പുകൾ നിർമിച്ചു നൽകിയതാണ്‌.  ഭൂമിയിൽനിന്ന്‌ പൂർണമായി നിയന്ത്രിക്കാനാകും. വേഗനിയന്ത്രണം, ദിശാനിർണയം എന്നിവയ്‌ക്കെല്ലാം സംവിധാനമുണ്ട്‌. നാല് സൺ സെൻസർ, ഒരു മാഗ്നെറ്റോമീറ്റർ തുടങ്ങിയവയും ഉണ്ട്‌. സൗരോർജ പാനലുകളും ലിഥിയം ബാറ്ററിയും ഊർജം ലഭ്യമാക്കും. ഹീലിയം  ത്രസ്‌റ്ററുകൾ ഉപയോഗിച്ച്‌ ദിശാ നിയന്ത്രണവും സാധ്യമാക്കും.

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി ആഗസ്‌ത്‌ 15ന്‌ ഈ പരീക്ഷണ തട്ടകത്തിൽനിന്ന്‌ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെപ്പറ്റി തയ്യാറാക്കിയ പ്രത്യേക വീഡിയോ സംപ്രേഷണം ചെയ്യാനും ആലോചനയുണ്ട്‌. സിങ്കപ്പുരിന്റെ ഡിഎസ്‌–-ഇഡി(365 കിലോഗ്രാം), നിയുസാർ(155 കിലോ), സിങ്കപ്പുർ എൻടി സർവകലാശാലയുടെ സ്‌കൂബ്‌–-1(2.8 കിലോ) എന്നിവയാണ്‌ 30ന്‌ വിക്ഷേപിക്കുക. പൂർണമായും വാണിജ്യാടിസ്ഥാനത്തിലുള്ളതാണ്‌ വിക്ഷേപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top