23 April Tuesday

ഡിപിസിയിൽ പിപിപി സെൽ ; പ്രാദേശികതലത്തിലും പൊതു–--സ്വകാര്യ പങ്കാളിത്ത പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


തിരുവനന്തപുരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു–--സ്വകാര്യ പങ്കാളിത്ത പദ്ധതികളെ സഹായിക്കാനായി ജില്ലാ ആസൂത്രണസമിതിയുടെ  നേതൃത്വത്തിൽ പിപിപി സെല്ലുകൾ രൂപീകരിക്കും. ആറാം സംസ്ഥാന ധനകമീഷൻ രണ്ടാം റിപ്പോർട്ടിലെ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശുപാർശകളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം.   പൊതുസ്വകാര്യ പങ്കാളിത്തപദ്ധതികൾ ഏറ്റെടുക്കാനും പ്രാദേശിക സർക്കാരുകൾക്ക് പരിശീലനം നൽകാനും കിലയുടെ നേതൃത്വത്തിൽ കാര്യക്ഷമതാ നിർമാണപരിപാടി രൂപകൽപ്പന ചെയ്യും.

എല്ലാ തദ്ദേശസ്ഥാപനങ്ങളും നികുതി, നികുതിയേതര വരുമാനം കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജിഐഎസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാനരേഖ തയ്യാറാക്കണം.  നികുതി വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി തദ്ദേശസ്ഥാപന വെബ്സൈറ്റിൽ ലഭ്യമാക്കണം.  ഇ -പേയ്മെന്റ് സൗകര്യവും ഒരുക്കണം.

   ഈവർഷം മുതൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും വാർഷിക ബജറ്റിനൊപ്പം റോളിങ്‌ റവന്യൂ വർധിപ്പിക്കാൻ കർമപദ്ധതി തയ്യാറാക്കണം. സോഫ്റ്റ്‌ വെയറുകളുമായി ബന്ധപ്പെട്ട നികുതിദായകരുടെ പരാതികൾ പരിഹരിക്കുന്നതിന് ഐകെഎം ആസ്ഥാനത്ത് പ്രത്യേക ടീം സജ്ജമാക്കും. പരാതികൾ മണിക്കൂറുകൾക്കകം പരിഹരിക്കാനാണിത്.  

കേരള ലോക്കൽ ഗവൺമെന്റ് ഡെവലപ്മെന്റ് ഫണ്ട് രൂപീകരിച്ച് ലോക്കൽ അതോറിറ്റീസ് ലോൺസ് ആക്ട് പ്രാവർത്തികമാക്കും. റവന്യൂ ബോണ്ടുകൾ ഇറക്കാൻ സാധിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക്‌ പ്രോത്സാഹനം നൽകാനായി തദ്ദേശവകുപ്പ് കാര്യപരിപാടി തയ്യാറാക്കും.
പൊതുകാര്യങ്ങൾക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാൻഡ് റീ റിലിംഗിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യും.  പ്രാദേശിക സർക്കാരുകളുടെ ദുരിതാശ്വാസ മൊത്തനിധി ഓരോ വർഷവും വർധിപ്പിക്കും. സംഭാവനകളുടെ എല്ലാ വിശദാംശവും ഗ്രാമ/വാർഡ് സഭകളിൽ രേഖപ്പെടുത്തും.

വിനോദ നികുതി നിരക്ക് 10 ശതമാനമാക്കും
വിനോദ നികുതി നിരക്ക് 10 ശതമാനമാക്കും. തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദനികുതി കണക്കാക്കുന്നതിനും പ്രാദേശിക സർക്കാരുകൾ സോഫ്റ്റ്‌വെയർ സംവിധാനം തയ്യാറാക്കും. റോഡുകളുടെ വശങ്ങളിലെ പരസ്യ ബോർഡുകൾ ലൈസൻസ് ഫീസിന്റെ പരിധിയിൽ കൊണ്ടുവരും.

കെട്ടിടങ്ങളുടെ വാടകയിനത്തിൽ പരമാവധി 10 ശതമാനംവരെ കിഴിവ്‌ അനുവദിക്കാൻ പ്രാദേശിക സർക്കാരുകൾക്ക്‌ അധികാരം നൽകും.  പട്ടികജാതി,- പട്ടികവർഗ വിഭാഗങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമാകും ഈ ആനുകൂല്യം‌. പ്രാദേശിക സർക്കാരുകൾ വാണിജ്യ, സഹകരണ ബാങ്കുകളിൽനിന്ന് വായ്‌പ എടുക്കുന്നതിനായുള്ള സർക്കാർ ഉത്തരവ് പ്രാവർത്തികമാക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ ചർച്ച നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top