25 April Thursday

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന്‌ പ്രോസിക്യൂഷൻ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


കൊച്ചി
നടൻ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന വാദത്തിൽ ഉറച്ച് പ്രോസിക്യൂഷൻ. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ ആരോപണങ്ങൾക്ക് കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി ഇരുപത്താറിലേക്ക് മാറ്റി.

സാക്ഷികളെ സ്വാധീനിച്ചതുൾപ്പെടെ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. കൈവശമുള്ള തെളിവുകൾ ഏതൊക്കെയെന്നതിന്റെ വിശദാംശങ്ങളും കോടതിയെ അറിയിച്ചു. വധഗൂഢാലോചനക്കേസിൽ ദിലീപ് പ്രതിയായി എന്നത് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഏറ്റവും വലിയ തെളിവാണ്‌.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചു. ഇതിനായി ദിലീപിന്റെ ഫോൺ സൈബർ ഹാക്കർ സായ് ശങ്കറിന്റെ ഐ മാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്‌. തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ മുംബൈയിൽ പോയതിനും തെളിവുണ്ട്. ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് 12 നമ്പറുകളിലേക്കുള്ള വാട്സാപ് ചാറ്റുകൾ നശിപ്പിച്ചതായും പ്രോസിക്യൂഷൻ വ്യക്‌തമാക്കി. അത് ആരുടെയൊക്കെ നമ്പറാണെന്ന് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവാണോ ഇതെന്നും കോടതി ചോദിച്ചു. വാദത്തിനിടെ ആരുടെയും മിശിഹയല്ല കോടതി എന്ന്‌ ജഡ്‌ജി ഹണി എം വർഗീസ്‌ ഓർമിപ്പിച്ചു. നീതി പുലരണമെന്നാണ്‌ കോടതി ആഗ്രഹിക്കുന്നതെന്നും ജഡ്‌ജി പറഞ്ഞു.

പുതിയ ഇ–-മെയിൽ ഐഡിയും
ദിലീപിന്റെ രണ്ട്‌ മൊബൈൽ ഫോണുകളുടെ ഫൊറൻസിക്‌ റിപ്പോർട്ട്‌ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. വിവോ ഫോൺ റെഡ്‌മി ഫോണുമായി ബ്ലൂടൂത്ത്‌ വഴി ബന്ധിപ്പിച്ച്‌ 2022 ജനുവരി ആറിന്‌ ഡാറ്റ കൈമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ഫൊറൻസിക്‌ റിപ്പോർട്ട്‌ അനുസരിച്ച്‌ ഡാറ്റ കൈമാറാൻ sarowaram1968@gmail.com എന്ന ഇ–-മെയിൽ വിലാസം ജനുവരിയിൽ  ഉണ്ടാക്കി. ദിലീപിന്റെ മൂന്നാമത്തെ മൊബൈലിൽ ശബ്‌ദ ക്ലിപ്പുകൾ കണ്ടെത്തി. ഈ ഫോണിന്റെ ഫോറൻസിക്‌ റിപ്പോർട്ടിൽ നിരവധി വിവരങ്ങൾ ഉള്ളതിനാലാണ്‌ കോടതിയിൽ ഹാജരാക്കാത്തതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top