26 April Friday

പ്രതിപക്ഷം നിയമസഭയിൽ അരാജകത്വം സൃഷ്‌ടിക്കുന്നു: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

തിരുവനന്തപുരം> ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കാനുള്ള സന്ദർഭങ്ങൾ ശരിയായി ഉപയോഗിക്കുന്നതിനു പകരം നിയമസഭയിൽ അരാജകത്വം സൃഷ്ടിക്കുകയാണ്‌ പ്രതിപക്ഷമെന്ന്‌ നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധമുള്ള രീതികളാണ്‌ പ്രതിപക്ഷം സ്വീകരിക്കുന്നത്‌.

ബ്രഹ്മപുരം വിഷയത്തിൽ നാടിന്റെയാകെ വികാരം പ്രതിഫലിക്കുന്നതാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. നാടിന്റെ വികാരമാണ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പ്രകടിപ്പിച്ചത്‌. ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട്‌ നാടാകെ ആഗ്രഹിക്കുന്നതാണ്‌. അത്‌  ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവ ശ്രമമാണ്‌ പ്രതിപക്ഷം നടത്തുന്നത്‌. പക്വതയില്ലാത്ത പ്രവർത്തനരീതിയാണ്‌ പ്രതിപക്ഷത്തിന്റേത്‌. നട്ടെല്ലില്ലാത്ത സ്‌പീക്കർ എന്നാണ്‌ സഭയ്‌ക്കുള്ളിൽ പ്രതിപക്ഷാംഗം പറഞ്ഞത്‌.

ഇത്ര മോശം പരാമർശം സ്‌പീക്കർക്കെതിരെ ഒരു പ്രതിപക്ഷവും നടത്തിയിട്ടില്ല. കേരളത്തിൽ ഒരു പ്രതിപക്ഷ നേതാവും ഒരു കാലത്തും പറയാത്ത കാര്യങ്ങളാണ്‌ വി ഡി സതീശൻ പറയുന്നതും ചെയ്യുന്നതും. നേതാക്കളുടെ കുടുംബത്തെ വലിച്ചിഴയ്‌ക്കുന്നു. മന്ത്രിമാരെ അധിക്ഷേപിക്കുന്നു. എംഎൽഎമാർക്കെതിരെ കൈയേറ്റം ഉണ്ടായിട്ടില്ല എന്ന്‌ പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അഭിപ്രായം കടകവിരുദ്ധമായി അവതരിപ്പിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ്‌ ചുമതലയേറ്റപ്പോൾ പ്രതിപക്ഷ നേതാവ്‌  പറഞ്ഞത്‌. ആ വാക്കുകളും ഇപ്പോഴത്തെ പ്രവൃത്തിയും അദ്ദേഹം വിലയിരുത്തണം. പ്രതികരണത്തിലും പ്രവൃത്തിയിലും നിയമസഭാ ഇടപെടലിലും പ്രതിപക്ഷ നേതാവിൽനിന്ന്‌ കുറേക്കൂടി ഉത്തരവാദിത്ത ബോധം ജനം പ്രതീക്ഷിക്കുന്നുണ്ട്‌.

ഈ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഭാഗം പിരിഞ്ഞത്‌ പ്രതിപക്ഷത്തിന്റെ വലിയ സമരത്തോടെയായിരുന്നു. കേരളത്തിലാകെ സമരം നടത്തിയ ആ വിഷയം ധനാഭ്യർഥന ചർച്ചയിൽ ഒരു തവണ പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന്‌ ആയില്ലെന്നും പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top