20 April Saturday

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം ; ഭിന്നശേഷിക്കാരുടെ ഒഴിവിലെ നിയമനത്തിന്‌ 
താൽക്കാലിക അംഗീകാരം നൽകണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


കൊച്ചി
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള സിംഗിൾ ബെഞ്ച് വിധിയിൽ ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി. ഭിന്നശേഷിക്കാർക്ക്‌ നീക്കിവയ്‌ക്കേണ്ട ഒഴിവുകളിൽ നിയമനം നടത്തിയശേഷമേ 2018 നവംബർ 18നുശേഷം മാനേജ്‌മെന്റ് നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്ന സിംഗിൾ ബെഞ്ച് ഉത്തരവിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തിയത്.

ഭിന്നശേഷിക്കാർക്കായി നീക്കിവച്ച ഒഴിവുകളിൽ 2018 നവംബർ 18നും 2021 നവംബർ എട്ടിനുമിടയിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫീസർ താൽക്കാലിക നിയമനാംഗീകാരം നൽകണമെന്നാണ് കോടതിയുടെ നിർദേശം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എയ്ഡഡ് സ്കൂൾ മാനേജർമാരും നിയമനം ലഭിച്ച അധ്യാപകരും നൽകിയ എൺപതോളം അപ്പീലുകൾ തീർപ്പാക്കിയാണ് ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ നിലനിൽക്കുന്നതല്ലെങ്കിലും വിദ്യാർഥികളുടെ അക്കാദമിക താൽപ്പര്യങ്ങളെ ബാധിക്കാതിരിക്കാൻ അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി ചില ഭേദഗതികൾ നിർദേശിച്ചു. ഒരോ വർഷവും ആയിരക്കണക്കിന് ഒഴിവുകളാണ് ഉണ്ടാകുക എന്നും അത് നികത്താനാവശ്യമായ യോഗ്യരായ ഭിന്നശേഷിക്കാർ ഉണ്ടാകില്ലെന്നുമായിരുന്നു അപ്പീൽ ഹർജിയിലെ വാദം.

എയ്ഡഡ് സ്കൂളുകളിൽ ഓരോ വർഷവും ശരാശരി 3500 ഒഴിവുകൾ വർഷം  ഉണ്ടാകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർഥി ചുമതലയേൽക്കുന്നതുവരെയാകും നിയമനം എന്ന വ്യവസ്ഥയിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച ഒഴിവുകളിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫീസർ താൽക്കാലിക നിയമനാംഗീകാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകണം.
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ അഭാവത്തിൽ ഇവരെ പിന്നീട് സ്ഥിരപ്പെടുത്താം. ഭിന്നശേഷിക്കാരായ അധ്യാപകർ ആ ഒഴിവിലേക്കെത്തിയാൽ താൽക്കാലിക നിയമനം ലഭിച്ചവരെ അതേ സ്കൂളിലോ മാനേജ്‌മെന്റിന്റെ മറ്റ് സ്കൂളിലോ ആദ്യം ഉണ്ടാകുന്ന ഒഴിവിൽ സ്ഥിരപ്പെടുത്തണം. 2021 നവംബർ എട്ടിനുശേഷം ഉണ്ടായ ഒഴിവുകളിൽ മാനേജർമാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top