27 April Saturday

സംസ്ഥാനത്ത്‌ കാലവർഷം നേരത്തേ എത്തും

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ കാലവർഷം നേരത്തേ എത്താൻ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും ഞായറാഴ്‌ചയോടെ കാലവർഷമെത്തുമെന്നാണ്‌ സൂചന. ഈ സാഹചര്യത്തിൽ 25നു മുമ്പുതന്നെ മഴ ആരംഭിക്കാനിടയുണ്ടെന്ന്‌ കാലാവസ്ഥാ വിദഗ്‌ധൻ രാജീവ്‌ എരിക്കുളം പറഞ്ഞു.

സാധാരണ ജൂൺ ആദ്യമാണ്‌ കാലവർഷം ആരംഭിക്കുന്നത്‌. ഇക്കുറി ഇത്‌ നേരത്തേയാകും. തെക്കൻ കേരളത്തിൽ കുറവ്‌ മഴയ്‌ക്കാണ്‌ സാധ്യത. വടക്കൻ കേരളത്തിൽ സാധാരണ മഴ കിട്ടും. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ നിലവിൽ മഴ ലഭിക്കുന്നുണ്ട്‌. കഴിഞ്ഞ വർഷത്തിൽ സാധാരണ മഴ(1718.8 മില്ലീ മീറ്റർ) ലഭിച്ചിരുന്നു. വേനലിൽ അധിക മഴകിട്ടി. 69 ശതമാനം. അതേസമയം,ഒക്ടോബർ ഒന്നുമുതൽ ഡിസംബർവരെ 109 ശതമാനമായിരുന്നു അധിക മഴ. 491.6 കിട്ടേണ്ടിടത്ത്‌ 1026.3 മില്ലീ മീറ്റർ.

മഞ്ഞ അലർട്ട്‌
തിങ്കൾവരെ ഇടിയോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്‌. വെള്ളി എറണാകുളം, ഇടുക്കി ജില്ലകളിലും ശനി ഇടുക്കിയിലും ഞായർ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ അസാനി ചുഴലിക്കാറ്റ്‌ തീവ്രത കുറഞ്ഞ്‌ ന്യൂനമർദമായി മാറി. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരത്ത്‌ മീൻപിടിത്തത്തിന്‌ തടസ്സമില്ല. ബംഗാൾ ഉൾക്കടലിൽ മീൻപിടിത്തം പാടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top