06 October Thursday

ദേശാഭിമാനിയുടെ 80 വർഷം ; വാർഷികാഘോഷ പരിപാടികൾക്ക്‌ 
 സെപ്തംബർ ആറിന് തുടക്കം

പ്രത്യേക ലേഖകൻUpdated: Friday Aug 5, 2022


തിരുവനന്തപുരം   
അക്ഷരവും ആശയവും പടവാളാക്കി ജനങ്ങളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടിയ ദേശാഭിമാനി 80–-ാം വാർഷികത്തിലേക്ക്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ്‌ പത്രം എന്ന ഖ്യാതിയോടെയാണ് പത്രം ചുവടുവയ്ക്കുന്നത്. 1942 സെപ്തംബർ ആറിന്‌ വാരികയായാണ് ദേശാഭിമാനി ആദ്യലക്കം കോഴിക്കോട്ടുനിന്ന്‌ പുറത്തിറങ്ങിയത്‌. 1946 ജനുവരി 18ന്‌  ദിനപത്രമായി  പ്രസിദ്ധീകരണം തുടങ്ങി.  1946ൽ മലബാർ കലാപത്തിന്റെ 25-–ാം വർഷത്തിൽ ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും  താക്കീതും’ എന്ന ലേഖനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ടു. പൊതുരക്ഷാ നിയമപ്രകാരം 1948 ഏപ്രിൽ 12ന്‌ വീണ്ടും നിരോധനം. അടിയന്തരാവസ്ഥക്കാലത്തും തുടർച്ചയായ ആക്രമണമുണ്ടായി. എല്ലാ കടന്നാക്രമണങ്ങളും പ്രതിരോധിച്ചുള്ള യാത്ര.

കോഴിക്കോടിന്റെ മണ്ണിൽ സെപ്തംബർ ആറിനാണ് വാർഷികാഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലായി ഒരു വർഷം നീളുന്ന പരിപാടികൾ അരങ്ങേറും. പുസ്തകമേള, സെമിനാർ, ചലച്ചിത്രോത്സവം, കലാ –- കായിക മേള,  പ്രഭാഷണം, ഭക്ഷ്യമേള തുടങ്ങിയവയുണ്ടാകും.

ആശയപ്രചാരണത്തോടൊപ്പം വാർത്തകളെ സത്യസന്ധമായി വായനക്കാരിൽ എത്തിച്ചും  വഴിതെറ്റിക്കുന്ന പ്രചാരവേലകളെ തുറന്നുകാണിച്ചും ബഹുവിധമായ ധർമമാണ്‌ ദേശാഭിമാനി നിർവഹിക്കുന്നത്. കാലം ആവശ്യപ്പെടുന്ന പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ട്‌ സ്വയം നവീകരിക്കുകയും ചെയ്യുന്നു. ഏഴുലക്ഷത്തിലധികം കോപ്പിയും പത്ത്‌  എഡിഷനുമായി കേരളക്കരയിലാകെ ദേശാഭിമാനി  വിപുല മാധ്യമ സംവിധാനമായി ഇന്ന്‌ പടർന്നു നിൽക്കുകയാണ്.

സംഘാടകസമിതി 7ന്‌
ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷത്തിന്റെ വിജയത്തിനായി ഏഴിന്‌ സംഘാടകസമിതി രൂപീകരിക്കും. ഞായർ പകൽ 3.30ന്‌ കോഴിക്കോട്ട്‌ ടാഗോർ ഹാളിലാണ്‌ യോഗം. സംസ്ഥാന വ്യാപകമായി ഒരു വർഷത്തെ പരിപാടിയുണ്ടാകും. 1942ൽ വാരികയായി പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ട്‌  സെപ്‌തംബർ ആറിന്‌ ആഘോഷത്തിന്‌ തുടക്കമാവും. സിപിഐ എം മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള  സംഘാടകസമിതി ഉദ്‌ഘാടനം ചെയ്യും. ശേഷം ‘മാധ്യമങ്ങളും ജനാധിപത്യവ്യവസ്ഥയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരിപാടിക്ക്‌ മുന്നോടിയായി ഭാനുപ്രകാശും ബെൻസീറയും നയിക്കുന്ന കോഴിക്കോടൻ സംഗീത സ്‌മൃതി അരങ്ങേറും. കോഴിക്കോട്ടുകാരായ എം എസ്‌ ബാബുരാജ്‌, കെ ടി മുഹമ്മദ്‌, കോഴിക്കോട്‌ അബ്‌ദുൾ ഖാദർ, കെ രാഘവൻ മാസ്‌റ്റർ, വി ടി മുരളി തുടങ്ങിയവരുടെ ഗാനങ്ങൾ കോർത്തിണക്കിയാണ്‌  അവതരണം. യോഗത്തിൽ എല്ലാവരും പങ്കാളിയാകണമെന്ന്‌ ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും ജനറൽ മാനേജർ കെ ജെ തോമസും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top