25 April Thursday

വരുന്നു ‘വിളർച്ചരഹിത കേരളം' ; രക്തം ശേഖരിച്ച്‌ കാരണം കണ്ടെത്തും

അശ്വതി ജയശ്രീUpdated: Thursday Aug 4, 2022



തിരുവനന്തപുരം    
സ്‌ത്രീകളിൽ വിളർച്ച (രക്തക്കുറവ്‌) പരിഹരിക്കാൻ ബൃഹദ്‌ പദ്ധതിയുമായി ആരോഗ്യവകുപ്പ്‌. 15–- 49 വയസ്സുള്ള സ്‌ത്രീകളുടെ രക്തം പരിശോധിച്ച്‌ വിളർച്ച കണ്ടെത്തി പരിഹരിക്കുന്ന "വിളർച്ചരഹിത കേരളം' പദ്ധതിയാണ്‌ ആരംഭിക്കുന്നത്‌. വിശദ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ഉടൻ സമർപ്പിക്കും. ഓണത്തിനുമുമ്പുതന്നെ സാമ്പിൾ ശേഖരണം ആരംഭിക്കുകയാണ്‌ ലക്ഷ്യം.

രക്തസാമ്പിൾ സർവേയിലൂടെ വിളർച്ച ബാധിതരായ സ്‌ത്രീകളുടെ കണക്ക്‌ ശേഖരിക്കലും ലക്ഷ്യമിടുന്നു. അങ്കണവാടി ജീവനക്കാർ, ആശാ, കുടുംബശ്രീ പ്രവർത്തകർ വഴിയാകും നടത്തിപ്പ്‌. കോവിഡ്‌ അടച്ചുപൂട്ടലിനിടെ സ്കൂളുകളിലൂടെയും അങ്കണവാടികളിലൂടെയും മറ്റുമുള്ള അയൺ ഗുളിക വിതരണം താരതമ്യേന കുറവായിരുന്നു. ആഹാരരീതിയിലെ മാറ്റവും സ്‌ത്രീകളിലെ വിളർച്ചയ്ക്ക്‌ കാരണമാകാമെന്ന്‌ വിദഗ്ധർ പറയുന്നു.
രക്തം നൽകാനാകുന്നില്ല

രക്തദാന ക്യാമ്പിൽ സന്നദ്ധരായി എത്തുന്ന സ്‌ത്രീകളിൽ പകുതിയിലധികവും രക്തം നൽകാനാകാതെ മടങ്ങുന്നത്‌ ശ്രദ്ധയിൽപ്പെട്ടതാണ്‌ വഴിത്തിരിവായത്‌. കണ്ണൂർ കതിരൂർ പഞ്ചായത്തിൽ രണ്ടുമാസംമുമ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ സ്‌ത്രീകളിൽ പരിശോധന നടത്തിയിരുന്നു. കൂടുതൽപേരിലും വിളർച്ചയും വിളർച്ചാ സാധ്യതയും കണ്ടെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സർവേയിൽ സംസ്ഥാനത്ത്‌ 36.3 ശതമാനം സ്‌ത്രീകളിലും വിളർച്ച കണ്ടെത്തി.

പുരുഷന്മാരിൽ ഇത്‌ 17.8 ശതമാനം മാത്രമാണ്‌. രക്തത്തിൽ ആരോഗ്യമുള്ള അരുണരക്താണുക്കൾ കുറയുന്ന അവസ്ഥയാണ്‌ വിളർച്ച. ഇത്‌ ശരീരത്തിലെ ഓക്സിജൻവിതരണത്തെ പ്രതികൂലമായി ബാധിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top