19 April Friday

രക്തസാക്ഷിത്വത്തിന്‌ നാലാണ്ട്‌; അണയാത്ത 
കനലായ്‌ അഭിമന്യു

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022

കൊച്ചി
മഹാരാജാസ്‌ കോളേജിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്‌ ശനിയാഴ്ച നാലാണ്ട്‌. വെള്ളിയാഴ്‌ച മറൈൻഡ്രൈവിൽനിന്ന്‌ രാജേന്ദ്രമൈതാനത്തേക്ക്‌ വിദ്യാർഥിറാലി നടക്കും. രക്തസാക്ഷിത്വ ദിനമായ ശനിയാഴ്‌ച രാവിലെ എസ്‌എഫ്‌ഐ ഏരിയ, യൂണിറ്റ്‌, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തും.

മഹാരാജാസ്‌ കോളേജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ–--പോപ്പുലർ ഫ്രണ്ട് ക്രിമിനലുകൾ 2018 ജൂലൈ രണ്ടിന്‌ പുലർച്ചെയാണ്‌ കൊലപ്പെടുത്തിയത്‌. കോളേജിൽ നവാഗതരെ വരവേൽക്കാൻ പോസ്‌റ്ററും കൊടിതോരണങ്ങളും തയ്യാറാക്കുന്നതിന്റെ ഭാഗമായി ചുവരിൽ "വർഗീയത തുലയട്ടെ' എന്ന് അഭിമന്യു എഴുതിയതിൽ പ്രകോപിതരായ ക്യാമ്പസ് ഫ്രണ്ട്, എസ്‌ഡിപിഐക്കാർ പുലർച്ചെ ക്യാമ്പസിലെത്തി എസ്‌എഫ്‌ഐ പ്രവർത്തകരുമായി സംഘർഷമുണ്ടാക്കി. ഇതിനിടെ അഭിമന്യുവിനെ ഒരാൾ പുറകിൽനിന്ന് പിടിച്ചുനിർത്തുകയും മറ്റൊരാൾ നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അഭിമന്യു അവസാനമായി ചുവരിൽ കുറിച്ച "വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം മഹാരാജാസിന്റെ ഹൃദയത്തിൽ ഇന്നും ചില്ലിട്ട്‌ സൂക്ഷിച്ചിട്ടുണ്ട്‌.

അഭിമന്യുവിന്റെ ഓർമപുതുക്കി വെള്ളിയാഴ്ച ജില്ലയിലെ വിദ്യാർഥി പ്രസ്ഥാനം രാജേന്ദ്രമൈതാനത്ത്‌ ഒത്തുകൂടും. ആയിരക്കണക്കിന്‌ വിദ്യാർഥികളെ അണിനിരത്തി മറൈൻ ഡ്രൈവിൽനിന്ന്‌ പകൽ 11ന്‌ ആരംഭിക്കുന്ന റാലി രജേന്ദ്രമൈതാനത്ത്‌ സമാപിക്കും. പൊതുസമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കളും സിപിഐ എം നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ ഡിപ്പാർട്‌മെന്റ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരാഴ്ചയായി അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്‌. ഉപന്യാസ മത്സരം, കത്തെഴുത്ത്‌ മത്സരം, വൃക്ഷത്തൈ നടീൽ, പ്രബന്ധ രചന, വർഗീയവിരുദ്ധ സെമിനാർ, സെക്കുലർ എക്സിബിഷൻ ഉൾപ്പെടെയുള്ളവയാണ്‌ സംഘടിപ്പിച്ചത്‌. ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വർഗീയവിരുദ്ധ സദസ്സും സംഘടിപ്പിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top