25 April Thursday
ശബ്ദസന്ദേശം പുറത്ത്‌

കുടുംബശ്രീ വായ്‌പ പൊളിക്കാൻ ലീ‌ഗ്‌ നേതാവ്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 31, 2020
മലപ്പുറം
കോവിഡ്‌ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന  സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വായ്‌പാ പദ്ധതി തട്ടിപ്പെന്ന്‌ സമൂഹ  മാധ്യമങ്ങളിൽ പ്രചരിപ്പിച്ച്‌ മുസ്ലിംലീ‌ഗ്‌ പഞ്ചായത്ത്‌ സെക്രട്ടറി. 
ലീഗ്‌ കോഡൂർ പഞ്ചായത്ത്‌ സെക്രട്ടറിയും യുഡിഎഫ്‌ കൺവീനറുമായ കെ ഹമീദാണ്‌ കുടുംബശ്രീ അംഗങ്ങളുടെ വാട്ട്‌സാപ്‌ ഗ്രൂപ്പിൽ പദ്ധതിക്കെതിരെ ഓഡിയോ സന്ദേശമിട്ടത്‌. പദ്ധതി തട്ടിപ്പാണെന്നും കുടുംബശ്രീ അംഗങ്ങൾക്ക്‌ പ്രയാസമുണ്ടാക്കുമെന്നും ഓഡിയോയിൽ പറയുന്നു. തട്ടിപ്പ്‌ എന്തെന്ന്‌ പറയാതെ തിരിച്ചടവ്‌ തെറ്റിയാൽ പ്രശ്‌നമാകും, 20,000 രൂപ ചെറിയ തുകയാണ്‌ എന്ന നിലയിലാണ്‌ വാദം. 
സബ്സിഡി ലഭിക്കില്ല എന്നും ഓഡിയോയിലുണ്ട്‌. എന്നാൽ യുഡിഎഫ്‌ അനുകൂല കുടുംബശ്രീ അംഗങ്ങളുടെമാത്രം ഗ്രൂപ്പിലാണ്‌ ഓഡിയോ ഇട്ടതെന്ന്‌ ഹമീദ്‌ പറയുന്നു. മൂന്ന്‌ വർഷംവരെ തിരിച്ചടവ്‌ കാലാവധിയിൽ ഒരാൾക്ക്‌ 20,000 രൂപ നൽകുന്നതാണ്‌ പദ്ധതി. പലിശ സർക്കാർ നൽകും. തിരിച്ചടവിന്‌  നാലുമുതൽ ആറുമാസംവരെ മൊറട്ടോറിയവും ലഭിക്കും. അയൽക്കൂട്ടങ്ങൾക്ക്‌ ശരാശരി ആറ്‌ ലക്ഷംവരെ വായ്‌പ അനുവദിക്കുന്നതാണ്‌ പദ്ധതി. 

പ്രചാരണം വാസ്‌തവവിരുദ്ധം: കുടുംബശ്രീ
മലപ്പുറം
കുടുംബശ്രീ വായ്‌പാ പദ്ധതി തട്ടിപ്പെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വാസ്‌തവ വിരുദ്ധമെന്ന്‌ അധികൃതർ. കോവിഡ് 19‌നെ തുടർന്ന്‌ വരുമാനം നഷ്‌ടപ്പെട്ടവരെ സഹായിക്കാനാണ്‌ പദ്ധതി. 
ആവശ്യമുള്ളവർമാത്രമാണ് വായ്‌പയെടുക്കേണ്ടത്‌. ഒരംഗത്തിന് 20,000 രൂപവീതം 20 പേർ അടങ്ങുന്ന അയൽക്കൂട്ടത്തിന് പരമാവധി 4,00,000 രൂപവരെ വായ്‌പ ലഭിക്കും. പരമാവധി ഒമ്പത് ശതമാനമാണ്‌ പലിശ. കൃത്യമായി തിരിച്ചടക്കുന്നവർക്ക് മുഴുവൻ പലിശയും സബ്സിഡി ലഭിക്കും. മൂന്നുമാസത്തെ മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് തിരിച്ചടവ് കാലാവധി.  
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന എല്ലാ വായ്‌പയും അയൽക്കൂട്ടങ്ങളുടെ പേരിലാണ്‌ നൽകുക. അംഗങ്ങളുടെ പേരിൽ അല്ല. നിലവിലെ ലിങ്കേജ്‌ വായ്‌പയിലും ഒരാളെങ്കിലും തിരിച്ചടവിൽ വീഴ്‌ച വരുത്തിയാൽ സബ്സിഡി നഷ്‌ടപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top