29 March Wednesday

സന്തോഷ മെെതാനം

ജിജോ ജോർജ്‌.Updated: Tuesday Jan 31, 2023

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീം (ഫയൽ ചിത്രം)

 ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേള കൊടിയിറങ്ങിയത്‌ വമ്പൻമാരെ 
ഞെട്ടിച്ചുകൊണ്ട്‌ മലപ്പുറത്തിന്റെ മുന്നേറ്റത്തോടെയായിരുന്നു. കാൽപ്പന്തിന്റെ പെരുമയുള്ള ജില്ല കായികരംഗത്ത്‌ പുതിയ ഉയരവും വേഗവും കരുത്തും നേടുകയാണ്‌. സ്‌കൂൾ മുറ്റത്തുനിന്ന്‌ കൗമാരങ്ങൾ ട്രാക്കിലേക്ക്‌ ഇറങ്ങുന്നു. അവരുടെ കുതിപ്പിനെ അടയാളപ്പെടുത്തുകയും കൂടുതൽ വളർച്ചക്ക്‌ എന്തൊക്കെ വേണമെന്നും പരിശോധിക്കുന്ന പരമ്പര ‘കളംനിറഞ്ഞ്‌ പറക്കാംതയ്യാറാക്കിയത്‌: 

സീനിയർ റിപ്പോർട്ടർ ജിജോ ജോർജ്‌.   
 
 
 
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയം; ഡിസംബർ നാല്‌ രാവിലെ. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ രണ്ടാംദിനം. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിന്‌ ട്രാക്കുണരുകയാണ്‌. ആദ്യദിനം  സ്വർണം കിട്ടാത്തതിന്റെ വിഷമം മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിന്റെ പരിശീലകൻ നദീഷ്‌ ചാക്കോയുടെയും മാനേജർ ഷാഫി അമ്മായത്തിന്റെയും മുഖത്തുണ്ട്‌. ദീർഘദൂര നടത്തത്തിന്‌ ട്രാക്കിലിറങ്ങിയ ഐഡിയലിന്റെ എം എസ്‌ ശീതളിൽ അവർക്ക്‌ പ്രതീക്ഷയുണ്ടായിരുന്നു. ഓരോ റൗണ്ട്‌ കഴിയുമ്പോഴും മറ്റാരും മുന്നിലില്ല. ഒടുവിൽ, ശീതൾ സ്വർണത്തിലേക്ക്‌ നടന്നുകയറിയപ്പോൾ നദീഷിന്റെയും ഷാഫിയുടെയും സന്തോഷം ആകാശംതൊട്ടു. 
അതൊരു തുടക്കമായിരുന്നു. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഐഡിയൽ പുതുചരിത്രമെഴുതി. മാർബേസിലും കല്ലടിയും പറളിയും അടക്കമുള്ള ചാമ്പ്യൻ സ്‌കൂളുകൾ കടപുഴകിയപ്പോൾ ഐഡിയൽ ചാമ്പ്യൻ സ്‌കൂളായി; എറണാകുളത്തെയും കോഴിക്കോടിനെയും മറികടന്ന്‌ മലപ്പുറം മികച്ച രണ്ടാമത്തെ ജില്ലയായി. അത്‌ലറ്റിക്‌സിനുപുറമെ 20 ഇനങ്ങളിൽ ജില്ലയ്‌ക്ക്‌ മെഡലുണ്ട്‌. 
അഖിലേന്ത്യാ സർവകലാശാലാ മത്സരത്തിൽ കലിക്കറ്റിന്‌ 2021–-22ൽ  ആറ്‌ കിരീടം, ഒമ്പത്‌ റണ്ണേഴ്‌സ്‌ അപ്പ്‌, പത്തിലധികം വ്യക്തിഗത മെഡലുകൾ. 2022–-23ൽ ഇതുവരെ ടഗ്‌ ഓഫ്‌ വാറിൽ സ്വർണം, വോളിബോളിലും റഗ്‌ബി (പുരുഷ)യിലും വെങ്കലം. ഞായറാഴ്‌ച സമാപിച്ച വനിതാ ഭാരോദ്വഹനത്തിൽ രണ്ട്‌ വ്യക്തിഗത സ്വർണം. അങ്ങനെ നേട്ടങ്ങളുടെ കാലമാണിത്‌. 
കാൽപ്പന്തിന്റെ മഹത്തായ പാരമ്പര്യമുള്ള മണ്ണാണ്‌ മലപ്പുറം. അത്‌ലറ്റിക്‌സിൽ ഒളിമ്പ്യന്മാരായ കെ ടി ഇർഫാനും എം പി ജബ്ബാറും അഭിമാനങ്ങളാണ്‌. മറ്റ്‌ കായിക ഇനങ്ങളിൽ കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. കാലം മാറി; കഥയും. ഹോക്കി, സോഫ്‌റ്റ്‌ബോൾ, ബേസ്‌ബോൾ, നെറ്റ്‌ബോൾ, ഖൊ ഖൊ, റഗ്‌ബി, ഭാരോദ്വഹനം, കരാട്ടെ, ജിംനാസ്‌റ്റിക്‌സ്‌, വുഷു, ബോൾ ബാഡ്‌മിന്റൺ... എല്ലാ ഇനങ്ങളിലും ഇവിടുത്തെ കുട്ടികൾ മെഡലുകൾ വാരിക്കൂട്ടുന്നു. ചലഞ്ചർ ട്രോഫി ക്രിക്കറ്റിൽ ഇന്ത്യൻ ഡി ടീമിന്റെ നായിക തിരൂർ മുറിവഴിക്കൽ സ്വദേശി സി എം സി നജ്‌ലയാണ്‌. സീനിയർ വനിതാ ഇന്ത്യൻ ടീമിൽ നജ്‌ല ഇടംനേടുന്ന കാലം വിദൂരമല്ല.  ഈ മുന്നേറ്റം എങ്ങനെ സാധിച്ചു. 
 
അതിന്‌ താണ്ടിയ വഴികൾ 
ആത്മസമർപ്പണത്തിന്റേതാണ്‌ 
(അതേക്കുറിച്ച്‌ നാളെ)
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top