20 April Saturday
കർഷക തൊഴിലാളി ജാഥ ഇന്ന്‌ പാലക്കാട്ട്

മലപ്പുറം വരവേറ്റു; ഹൃദയത്തിലേക്ക്‌...

സ്വന്തം ലേഖകൻUpdated: Tuesday Jan 31, 2023

കെഎസ്‌കെടിയു പ്രക്ഷോഭ പ്രചാരണ ജാഥയ്ക്ക്‌ കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രനെ ഹാരാർപ്പണം നടത്തുന്നു

മലപ്പുറം
മണ്ണിൽ പണിയെടുക്കുന്നവർക്ക്‌ ദിശാബോധം നൽകിയ കെഎസ്‌കെടിയു പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയെ മലപ്പുറത്തെ കർഷക തൊഴിലാളികൾ ഹൃദയംകൊണ്ട് വരവേറ്റു. ‘കൃഷി–- ഭൂമി–- പുതുകേരളം’ മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥ സാമ്രാജ്യത്വവിരുദ്ധ, കർഷകസമരങ്ങളുടെ രക്തം ചിന്തിയ ചരിത്രമുള്ള മലപ്പുറം ആവേശകരമായാണ്‌ സ്വീകരിച്ചത്‌. രാവിലെ ഐക്കരപ്പടിയിൽനിന്ന്‌ ജില്ലയിലേക്ക്‌ പ്രവേശിച്ച ജാഥ കൊണ്ടോട്ടി, തിരൂർ, മലപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പെരിന്തൽമണ്ണയിൽ സമാപിച്ചു. 
ജനുവരി 25ന്‌ കാസർകോടുനിന്ന്‌ തുടങ്ങിയ ജാഥ കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌ ജില്ലകളിലെ പര്യടനത്തിനുശേഷമാണ്‌ മലപ്പുറത്ത്‌ എത്തിയത്‌. ചൊവ്വാഴ്‌ച പാലക്കാട്‌ ജില്ലയിൽ പര്യടനം നടത്തും. ഫെബ്രുവരി എട്ടിന്‌ നെടുമങ്ങാട്‌ സമാപിക്കും. തിങ്കളാഴ്‌ച രാവിലെ ഐക്കരപ്പടിയിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം പി അലവി, കർഷകസംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്‌, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി പി സോമസുന്ദരൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്‌, സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ്‌ദാസ്‌, വേലായുധൻ വള്ളിക്കുന്ന്‌, എൻ കണ്ണൻ, കെ മജ്‌നു, സി സുജിത്‌, വി ശോഭ, എൻ ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. വാദ്യമേളങ്ങളും വെടിക്കെട്ടും സ്വീകരണത്തിന്‌ മാറ്റുകൂട്ടി.  
മിച്ചഭൂമി -പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷക തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ ജാഥ.
 ലളിതാ ബാലൻ വൈസ്‌ ക്യാപ്‌റ്റനും സി ബി ദേവദർശൻ മാനേജരുമായ ജാഥയിൽ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്‌മണൻ എന്നിവർ അംഗങ്ങളാണ്‌.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top