27 April Saturday

വീണ്ടും ആകാശദുരന്തമോ? തെല്ലിട ഭയന്നു കരിപ്പൂർ

സ്വന്തം ലേഖകൻUpdated: Wednesday Nov 30, 2022

കരിപ്പൂർ എയർപോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രിൽ

 
കരിപ്പൂർ
ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം കരിപ്പൂർനിവാസികൾ പരിഭ്രാന്തിയിലായിരുന്നു. എല്ലായിടത്തും ചീറിപ്പായുന്ന അഗ്നിരക്ഷാവാഹനങ്ങളും ആംബുലൻസും. ആളുകളെ മുൾമുനയിൽനിർത്തി അപായ സൈറൺ.  രണ്ടുവർഷം മമ്പുണ്ടായ വിമാന അപകടത്തിന്റെ ഓർമയിൽ നാട്ടുകാർ ഭയന്നു. സംഗതി എയർപോർട്ട്‌ അതോറിറ്റിയുടെ മോക്ക്‌ഡ്രില്ലാണെന്ന്‌ അറിഞ്ഞതോടെ ആശങ്ക അകന്നു. 
എയർപോർട്ട് അതോറിറ്റി, വിമാനത്താവള അഗ്നിരക്ഷാവിഭാഗം, കേന്ദ്ര വ്യവസായ സുരക്ഷാ സേന, ജില്ലാ ഭരണകാര്യാലയം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. 
 നൂറിലധികം യാത്രക്കാരും രണ്ട്‌ ടൺ ഇന്ധനവുമായി വന്ന വിമാനം എൻജിൻ തകരാർമൂലം അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടതോടെയാണ് തുടക്കം. വിവരം ലഭിച്ച എയർ ട്രാഫിക് കൺട്രോൾ റൺവേ ഒഴിപ്പിച്ചു. അടിയന്തര ലാൻഡിങ് മുന്നൊരുക്കം നടത്തി. വിമാനത്താവള ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗംചേർന്നു.  
ജില്ലാ ഭരണകാര്യാലയം പ്രദേശത്തെ ആശുപത്രികളിലേക്ക്‌ വിവരം കൈമാറി. പ്രത്യേക കേന്ദ്രങ്ങൾ തയ്യാറാക്കി. അപ്പോഴേക്കും വിവിധ കേന്ദ്രങ്ങളിൽനിന്ന് ആംബുലൻസുകളും മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേന യൂണിറ്റുകളും സ്ഥലത്തേക്ക് കുതിച്ചു. റൺവേയുടെ കിഴക്കുഭാഗത്ത് ഒരുക്കിയ പ്രത്യേക ബസ് കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. വിമാനത്താവള അഗ്നിശമനസേന കുതിച്ചെത്തി വെള്ളവും പതയും ഉപയോഗിച്ച് തീകെടുത്തി.  പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതോടെ മോക്ക് ഡ്രിൽ അവസാനിച്ചു. 
  പരിശീലനം പൂർണവിജയമായിരുന്നുവെന്ന് എയർപോർട്ട് ഡയറക്ടർ എസ് സുരേഷ് പറഞ്ഞു. മുമ്പ്‌ ഇത്തരത്തിൽ നടത്തിയ പരിശീലനങ്ങളാണ്  വിമാന അപകടത്തിൽ കൃത്യമായി പ്രതികരിക്കാനും മരണനിരക്ക് കുറയ്ക്കാനും  അതോറിറ്റിയെ സഹായിച്ചത്‌–-അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top