മഞ്ചേരി
ഹൃദ്രോഗികൾക്ക് ആശ്വാസമായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ്. നാലുവർഷത്തിനിടെ 5000 രോഗികളാണ് ഇവിടുത്തെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
25 പേർക്ക് പേസ്‌മേക്കർ ഘടിപ്പിച്ചുനൽകി. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സയാണ് ഇവിടെ സൗജന്യമായി ചെയ്യുന്നത്. വൻകിട ആശുപത്രികളേക്കാൾ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലും ഒപിയിലുമായി പ്രതിദിനം നൂറുകണക്കിന് പേരാണ് ചികിത്സ തേടുന്നത്. തിരക്ക് വർധിച്ചതോടെ ഒപിയിൽ രോഗികളുടെ എണ്ണം പ്രതിദിനം നൂറ്റമ്പതാക്കി നിജപ്പെടുത്തി. മികച്ച പരിചരണം നൽകാനാണ് ക്രമീകരണം.
2019ൽ എൽഡിഎഫ് സർക്കാരാണ് എട്ടുകോടി രൂപ ചെലവിട്ട് കാത്ത് ലാബും ഓപറേഷൻ തിയറ്ററുമുൾപ്പെടെ ഒരുക്കിയത്. ലാബിനോട് ചേർന്ന് കാത്ത് ഐസിയുവുമുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷനായിരുന്നു നിർമാണം. വിപ്രോജി കമ്പനിയാണ് സാങ്കേതിക സംവിധാനം സജ്ജമാക്കിയത്.
കാർഡിയോളജിസ്റ്റ് ഡോ. ജസീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മികച്ച ചികിത്സ നൽകുന്നത്. കൂടുതൽ രോഗികൾ എത്തുന്നതിനാൽ സംവിധാനം വിപുലമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടുതൽ ഐസിയു ബെഡ്ഡുകൾ വേണം. ഡോക്ടർമാരെയും ടെക്‌നീഷ്യൻമാരെയും നിയമിക്കണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..