എടക്കര
ജില്ലയിലെ ഭൂരഹിതരായ 569 ആദിവാസി കുടുംബങ്ങൾക്കുകൂടി സ്വന്തം ഭൂമിയെന്ന സ്വപ്നം യാഥാർഥ്യമാവുന്നു.
ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്കുള്ള ഭൂമി വിതരണം പുനഃക്രമീകരിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപൊയിലിൽ പ്ലോട്ട് നിശ്ചയിച്ച 372 കുടുംബങ്ങൾക്ക് 40 സെന്റ് വീതം സ്ഥലം നൽകും.
നേരത്തേ ഇവർക്ക് 20 സെന്റ് വീതം നൽകാനായിരുന്നു തീരുമാനം നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ തൃക്കൈകുത്തിലെ 131 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും ചാലിയാർ പഞ്ചായത്തിലെ അത്തിക്കാട് പ്ലോട്ട് നിശ്ചയിച്ച 66 കുടുംബങ്ങൾക്ക് 20 സെന്റ് വീതവും നൽകും.
ജൂലൈ അഞ്ച്, ഏഴ്, 11 തീയതികളിലായി ഇവർക്കുള്ള ഭൂമിയുടെ പ്ലോട്ട് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിട്ടുണ്ട്. എല്ലാ കുടുംബത്തിനും പട്ടയം ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാന സർക്കാർ ആരംഭിച്ചു.
വനംവകുപ്പ് റവന്യൂവകുപ്പിന് കൈമാറിയ 275.13 ഏക്കർ ഭൂമിയാണ് ആദിവാസികൾക്ക് നൽകാൻ സർക്കാർ കണ്ടെത്തിയത്. ഭൂരഹിതരായ ആദിവാസികൾക്ക് വിതരണംചെയ്യുന്ന ഭൂമിയിൽ വീടനുവദിക്കാൻ സർക്കാർ ലൈഫ് മിഷൻ മുഖേനെ പ്രാരംഭ നടപടികളും ആരംഭിച്ചു.
14 കുടുംബങ്ങൾകൂടി അപേക്ഷ നൽകി
നിലമ്പൂർ ഐടിഡിപി ഓഫീസിനുമുമ്പിൽ സമരംചെയ്ത 14 കുടുംബങ്ങൾകൂടി ഭൂമിക്കുള്ള അപേക്ഷ സമർപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം കോളനിക്കാരാണ് സമരത്തിലുള്ളത്. മന്ത്രി കെ രാധാകൃഷ്ണൻ പി വി അൻവർ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തി ജില്ലയിലെ ആദിവാസി കോളനികൾ സന്ദർശിച്ചിരുന്നു. തുടർന്നാണ് ജില്ലയിൽ ഭൂവിതരണ നടപടി വേഗത്തിലാക്കിയത്. ഏതാനും മാസംമുമ്പ് ആരംഭിച്ച സമരത്തിലെ ഭൂരഹിതരായ 42 കുടുംബങ്ങളും ലിസ്റ്റിലുള്ളവരാണ്. എന്നാൽ ഭൂമി വിതരണത്തിന് പ്ലോട്ട് നിശ്ചയിക്കാൻ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം 14 കുടുംബങ്ങൾ അപേക്ഷ നൽകി പ്ലോട്ട് നിശ്ചയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..