പൊന്നാനി
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റി. പിന്നാലെ യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതി സുഖംപ്രാപിച്ച് വരുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രക്തക്കുറവുമൂലം 25ന് ആശുപത്രിയിൽ അഡ്‌മിറ്റായ, എട്ടുമാസം ഗർഭിണിയായ പൊന്നാനി സ്വദേശി രുക്സാന (26)യ്‌ക്കാണ് രക്തം മാറി കയറ്റിയത്. ഒ നെഗറ്റീവിന് പകരം ബി പോസിറ്റീവ് രക്തം കയറ്റുകയായിരുന്നു. രണ്ട് കുപ്പി രക്തം കയറ്റിയ ഇവർക്ക് മൂന്നാമത്തെ കുപ്പി കയറ്റുമ്പോഴാണ് മാറിയത്. മറ്റൊരു രോഗിക്ക് കയറ്റാനുള്ള രക്തം ഇവർക്ക് മാറി നൽകുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും 15 മില്ലി കയറിയിരുന്നു. ഗർഭാവസ്ഥയിൽ രക്തം മാറിയത് ഗുരുതരമായതിനാൽ യുവതിയെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയം രണ്ട് നഴ്‌സുമാരും ഒരു ഡോക്ടറുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവർക്കെതിരെ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുകയ്‌ക്ക് റിപ്പോർട്ട് കൈമാറി. ഇവർ ശനി രാവിലെ 10ന് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കും. വീഴ്‌ച വരുത്തിയവരെ സസ്‌പെൻഡ് ചെയ്‌തേക്കും. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടതായി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..