25 April Thursday
കവചമൊരുക്കാം കാവലാകാം

എക്‌സൈസ്‌ പിടിച്ചത്‌ *215 ഗ്രാം എംഡിഎംഎ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
മലപ്പുറം
ഈ മാസം അവസാനിക്കാനിരിക്കെ ഇതുവരെ ജില്ലയിൽ എക്‌സൈസ്‌ പിടിച്ചെടുത്തത്‌ 214.847 ഗ്രാം എംഡിഎംഎ. അതിമാരകമായ 730 എൽഎസ്‌ഡി സ്റ്റാമ്പുകളും (8.411 ഗ്രാം)  പിടികൂടി. അര ക്വിന്റൽ കഞ്ചാവും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 39 പേർ അറസ്റ്റിലായി. മയക്കുമരുന്നി​ന്റെ വരവും ഉപയോഗവും തടയുന്നതിനുള്ള സർക്കാരിന്റെയും എക്‌സൈസ്‌ വകുപ്പിന്റെയും നടപടി ശക്തമാക്കിയിരിക്കെയാണ്‌ കൂടുതൽ പേരെ പിടികൂടാനായത്‌.  
ഹാഷിഷ്‌ ഓയിൽ–- 21.100 ഗ്രാം, ബ്രൗൺ ഷുഗർ– -9.993 ഗ്രാം, കഞ്ചാവ്‌ ചെടി –-2, പുകയില ഉൽപ്പന്നങ്ങൾ–- 20 കിലോ  എന്നിങ്ങനെയാണ്‌ സെപ്‌തംബറിൽ എക്‌സൈസ്‌ പിടിച്ചെടുത്ത ലഹരി ഉൽപ്പന്നങ്ങളുടെ കണക്ക്‌. നർക്കോട്ടിക്സ് കേസുകളിലായി 11 വാഹനങ്ങളും 14 മൊബൈൽ ഫോണുകളും 97,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. 
  കടത്തിന്‌ പല വഴികൾ
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ്‌ എംഡിഎംഎ ഉൾപ്പെടെയുള്ളവ ജില്ലയിലേക്ക്‌ കൂടുതലായും എത്തുന്നത്‌ എന്നാണ്‌ എക്‌സൈസിന്റെ വിലയിരുത്തൽ. കഞ്ചാവ്‌ എത്തുന്നത്‌ ആന്ധ്രയിൽനിന്ന്‌ മൈസൂരു വഴിയാണ്‌. കഴിഞ്ഞ മാസമാണ്‌ വഴിക്കടവിൽവച്ച്‌ 129.5 കിലോ കഞ്ചാവ്‌ പിടികൂടിയത്‌. കഞ്ചാവു കടത്തലിന്‌ വിദ്യാർഥികളെ അവരറിയാതെ ഉപയോഗിക്കുന്നുണ്ടോയെന്നും  സംശയിക്കുന്നു. ട്രെയിൻവഴിയുള്ള കഞ്ചാവിന്റെ വരവും കൂടുതലാണ്‌. ട്രെയിനുകളിലെ തിരക്കും ശക്തമായ പരിശോധനയില്ലാത്തതും ഇതിനു കാരണമാണ്‌. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സെപ്‌തംബർ 10ന്‌ 30 ലക്ഷത്തിലേറെ രൂപയുടെ ലഹരി മരുന്ന് പിടികൂടിയിരുന്നു. 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൗൺ ഷുഗർ, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ, എട്ടര കിലോ കഞ്ചാവ്  എന്നിവയാണ് പിടികൂടിയത്. സെപ്തംബർ 22ന്‌ ഒരുകോടിയോളം രൂപയുടെ 140 ഗ്രാം  ക്രിസ്റ്റല്‍ എംഡിഎംഎയുമായി ഒതുക്കുങ്ങല്‍ സ്വദേശി കൊളത്തൂര്‍ പൊലീസിന്റെ  പിടിയിലായിരുന്നു. 
23.104 ഗ്രാം എംഡിഎംഎ വിൽപ്പനക്കിടെ മഞ്ചേരി സ്വദേശികളായ മൂന്ന് യുവാക്കളെ എക്സൈസ് പിടികൂടിയത്‌ സെപ്‌തംബർ 23നാണ്‌.  കൊറിയർ വഴിയുള്ള ലഹരിക്കടത്താണ്‌ പുതിയ കാലത്തെ വെല്ലുവിളി. 
  പിടിച്ചാൽ ജയിൽ
കുട്ടികളിലും യുവാക്കളിലും ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും ദിനംപ്രതി വർധിക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയുമുണ്ട്‌. മിഠായികൾ, സ്റ്റിക്കറുകൾ, ഗുളികകൾ തുടങ്ങി വിവിധ രൂപങ്ങളിലാണ്‌ മയക്കുമരുന്ന്‌ കുട്ടികൾക്കിടയിലെത്തുന്നത്‌. മയക്കുമരുന്ന്‌ ഉപയോഗമോ വിൽപ്പനയോ പിടിച്ചാൽ കടുത്ത ശിക്ഷയാണ്‌ കാത്തിരിക്കുന്നത്‌. 20 കിലോവരെ കഞ്ചാവു പിടികൂടിയാൽ 10 വർഷംവരെ ജയിലിൽ കഴിയാം. 20ന്‌ മുകളിൽ ശിക്ഷ 20 വർഷംവരെയാണ്‌. എംഡിഎംഎ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ ശിക്ഷ കടുക്കും. അര ഗ്രാംമുതൽ 10 ഗ്രാംവരെ പിടിച്ചാൽ 10 വർഷം ജയിൽശിക്ഷയാണ്‌. 10 ഗ്രാമിനുമുകളിൽ 20 വർഷംവരെയുമാണ്‌ ശിക്ഷയെന്ന്‌ എക്‌സൈസ്‌ ഡെപ്യൂട്ടി കമീഷണർ ജെ താജുദ്ദീൻകുട്ടി പറഞ്ഞു. 
  കൂടുതൽ യുവാക്കൾ
ഇക്കഴിഞ്ഞ മാസം പിടികൂടിയവരിൽ 21 മുതൽ 25 വയസുവരെയുള്ളവരാണ്‌ കൂടുതൽ. കുട്ടികളെ പിടികൂടിയിട്ടില്ല. അബ്‌കാരി കേസുകളിൽ കൂടുതലും 25 കഴിഞ്ഞവരാണ്‌.
 
 ‘മൈതാനമുണ്ടോ ലഹരിയെ തടയാം’
‘ഇപ്പോഴത്തെ പിള്ളേര്‌ മൊത്തം കഞ്ചാവാ. എന്നു വിളിച്ചുകൂവുന്ന അധികാരികളും മാനേജ്‌മെന്റും ആദ്യം നോക്കേണ്ടത്‌ സ്‌കൂളിൽ പിഇടി സാറും പാട്ട്‌/ വര പഠിപ്പിക്കുന്ന സാറും മൈതാനവും ഉണ്ടോന്നാണ്‌’–- അധ്യാപകനും എഴുത്തുകാരനുമായ കെ എസ്‌ രതീഷിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ആണിത്‌.
‘നിങ്ങള്‌ വീട്ടിലും സ്‌കൂളിലും എന്റെ പിള്ളേരുടെ സകല സന്തോഷങ്ങളും റദ്ദു ചെയ്‌തപ്പോഴാണ്‌ അവർ പുതിയ സന്തോഷങ്ങൾക്ക്‌ പിന്നാലെ പോയത്‌. ഈ മലയാളം സാർ എന്തായാലും മക്കളെയുംകൊണ്ട്‌ സബ്‌ജില്ലാ വോളിബോളിന്‌ പോണ്‌’. കെ എസ്‌ രതീഷ്‌ കുറിച്ചു. 
വ്യാപകമാവുന്ന ലഹരി ഉപയോഗത്തിന്‌ മറുമരുന്നായി കലാ –- കായിക മേഖലകൾ സജ്ജമാക്കണമെന്ന ആശയമാണ്‌ അദ്ദേഹം  പങ്കുവയ്‌ക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top