27 April Saturday

ലഹരിക്കെതിരെ *കുടുംബശ്രീയുടെ ‘സമന്വയം’

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
മലപ്പുറം
ജില്ലയിൽ മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെ കുടുംബശ്രീ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഒക്ടോബർ രണ്ടുമുതൽ ഒമ്പതുവരെ ‘സമന്വയം' എന്ന പേരിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു. മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെ ബോധവൽക്കരണം നടത്തും. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും മാനസിക, സാമൂഹിക, സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തും.
ഗാന്ധിജയന്തി ദിനത്തിൽ അയൽക്കൂട്ടതല ചർച്ച, പ്രതിജ്ഞ, സംവാദം, ബോധന പദ്ധതി സർവേ, ബാലസഭാ പ്രത്യേക പ്രവർത്തനങ്ങൾ, അയൽക്കൂട്ടങ്ങളിലും ബാലസഭകളിലും ഓക്‌സിലറി ഗ്രൂപ്പുകളിലും മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണക്കുറിപ്പ് ചർച്ച ചെയ്യും. 
ബാലസഭാ അംഗങ്ങളുടെ മാരത്തൺ, ഒപ്പ്‌ ബോർഡ്/ ട്രീ എന്നീ പ്രവർത്തനങ്ങളും നടത്തും. മദ്യപാന രോഗികളായിട്ടുള്ളവരുടെ ആശ്രിതരെ ഏകോപിപ്പിക്കുക, അവരുടെ  ഭൗതിക ജീവിത സാഹചര്യവും സാമൂഹികാവസ്ഥയും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുക എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന ബോധന പദ്ധതിയിൽ അംഗമാകാനുള്ള സർവേയും നടത്തും. 
മൂന്നിന് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിക്കും.  പോസ്റ്ററുകൾ,ഫോട്ടോ സ്‌റ്റോറി സീരീസ് എന്നിവ തയ്യാറാക്കി പ്രദർശിപ്പിക്കും. നാലിന്  ഷോർട്ട് ഫിലിം, ഡോക്യുമെന്ററി എന്നിവ  പ്രദർശിപ്പിക്കും. വാട്ട്‌സാപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. അഞ്ചിന് ലഹരി ഉപയോഗിച്ച്‌ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമം തടയാൻ അയൽക്കൂട്ടങ്ങൾ  നടത്തിയ പ്രവർത്തനങ്ങൾ രേഖകളാക്കും. മികച്ച പ്രവർത്തനം നടത്തിയ അയൽക്കൂട്ടത്തിന്‌ സമ്മാനം നൽകും. ആറിന് ലഹരിയുമായി ബന്ധപ്പെട്ട അതിക്രമം, മദ്യപിച്ചു വാഹനമോടിച്ചുള്ള അപകടങ്ങൾ, കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ റീൽസ് തയ്യാറാക്കി സാമൂഹ്യമാധ്യമങ്ങൾവഴി പ്രചരിപ്പിക്കും. 
ഏഴിന് വാർഡ്തല ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കും. വിവിധ വകുപ്പുകൾ, ലൈബ്രറി, ക്ലബ്ബുകൾ എന്നിവയുമായി ചേർന്ന്‌ വാർഡ് തലത്തിൽ വിജിലന്റ് ഗ്രൂപ്പ്, ഓക്‌സിലറി ഗ്രൂപ്പ്, ബാലസഭ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടെയുള്ള ബഹുജന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. എട്ടിന് സിഡിഎസുകളിൽ ബോധന കൂട്ടായ്മ രൂപീകരിക്കും. ഒമ്പതിന് അയൽക്കൂട്ടങ്ങളിൽ ലഹരി വിരുദ്ധ സഭ ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top