28 March Thursday
ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്സ്

പൊന്നാനിയുടെ സ്വപ്‌നം അരികെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

പൊന്നാനി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക് രൂപരേഖ

പൊന്നാനി 
നിർദിഷ്ട പൊന്നാനി ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായി  നഗരസഭയിൽ ഡിപിആർ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. 
 പിപിപി (പ്രൈവറ്റ് പബ്ലിക് പാർടിസിപ്പേഷൻ) വ്യവസ്ഥയിൽ പൊന്നാനി ചമ്രവട്ടം ജങ്‌ഷനിൽ ദേശീയപാതയോട് ചേർന്നാണ് മൂന്നര ഏക്കറിൽ 200 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നത്.  
വേസ്റ്റ് മാനേജ്മെന്റും മൾട്ടിലെവൽ പാർക്കിങും ഉൾപ്പെടെ 380000 ച. അടിയിലാണ്‌ നിർമാണം.  400 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മുൻഭാഗത്ത് രണ്ട് നിലയിലും ഉൾഭാഗത്ത് അഞ്ച് നിലയിലുമായി  2024–- ഓടെ നിർമാണം പൂർത്തീകരിക്കുകയാണ്‌ ലക്ഷ്യം.
പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനായി നഗരസഭ താൽപര്യപത്രം ക്ഷണിച്ചതിനെ തുടർന്ന് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന
സൈതൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സമ്മതം അറിയിച്ചതോടെയാണ് പദ്ധതിക്ക് ചിറക് മുളച്ചത്. കമ്പനി സമർപ്പിച്ച കരട് ഡിപിആറിൻമേൽ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി വിശദമായ ഡിപിആർ തയ്യാറാക്കി നഗരസഭക്ക് കൈമാറും. മത്സ്യ –-മാംസ മാർക്കറ്റ് ഉള്ളതിനാൽ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനത്തിന്‌ വിശദമായ ഡിപിആർ തയ്യാറാക്കാൻ നഗരസഭ നിർദേശം നൽകി. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും പദ്ധതി.
നഗരസഭയുടെ വാർഷിക ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു ചമ്രവട്ടം ജങ്‌ഷനിൽ  ഷോപ്പിങ്‌ കോംപ്ലക്‌സോടുകൂടിയ  ബസ്‌സ്‌റ്റാൻഡ്‌.  
  ബസ്‌സ്‌റ്റാൻഡ്‌, മത്സ്യ –-മാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, രണ്ട് മൾട്ടിപ്ലസ് തിയറ്റർ, ടൗൺ ഹാൾ എന്നിവയാണ് ഷോപ്പിങ്‌ കോംപ്ലക്സ് ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്‌സിലുണ്ടാവുക.  നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തി​ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും കമ്പനി മേധാവികളും പങ്കെടുത്തു. 
 വിശദ പദ്ധതി രേഖ തയ്യാറാക്കി നഗരസഭക്ക് സമർപ്പിക്കും. അംഗീകാരം ലഭിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കുമെന്ന്‌ സൈതൂസ് ഡെവലപ്പേഴ്സ് കമ്പനി മാനേജിങ്‌ പാർട്ണർ സെയ്ത് മുഹമ്മദ് മൊയ്തീൻ പറഞ്ഞു. നഗരസഭ മുന്നോട്ടുവച്ച  സുപ്രധാന പദ്ധതി യാഥാർഥ്യമാവുകയാണെന്നും എത്രയും വേഗം നടപ്പാക്കുമെന്നും നഗരസഭാ ചെയർമാൻ ശിവദാസ്‌ ആറ്റുപുറം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top