26 April Friday

ചികിത്സയ്ക്ക്‌ സ്വകാര്യ ആശുപത്രികളും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
മലപ്പുറം
രോഗികളുടെ എണ്ണം കൂടിയതോടെ സ്വകാര്യ ആശുപത്രികളിൽക്കൂടി ജില്ലയിൽ കോവിഡ്‌ പരിശോധനാ സൗകര്യമൊരുക്കും. ഇതിനായി ലാബ്‌, ചികിത്സാ സൗകര്യമുള്ള ആശുപത്രികളെ കണ്ടെത്തി ഐസിഎംആറിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന്‌ മന്ത്രി കെ ടി ജലീൽ പറഞ്ഞു. കോവിഡ് അവലോകന യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 
രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ്‌‌ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ‌ അവലോകനയോഗം ചേർന്നത്‌. വീഡിയോ കോൺഫറൻസിലൂടെ സ്‌പീക്കർ യോഗത്തിൽ പങ്കെടുത്തു.
മാതൃ-ശിശു ആശുപത്രിയിൽ കൂടുതൽ സൗകര്യം
ഗർഭിണികളുൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന എടപ്പാൾ ആശുപത്രി അടച്ച സാഹചര്യത്തിൽ പൊന്നാനി മാതൃ-ശിശു ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.  അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
മുഴുവനാളുകൾക്കും പരിശോധന
ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായ എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെയും മുഴുവൻ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ജില്ലയിലെ സർക്കാർ–-- സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരിൽ റാൻഡം പരിശോധന നടത്തും. സമൂഹ വ്യാപന സാധ്യത പരിശോധിക്കും. പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കും. ആവശ്യമായ ഉപകരണങ്ങൾ ഉടൻ എത്തിക്കാൻ സർക്കാർ നടപടിയെടുത്തു. 
ഫലം വരുന്നതുവരെ നിരീക്ഷണം
പൊന്നാനി മേഖലയിലെ 1500 പേർക്കാണ്‌ സ്രവ പരിശോധന നടത്തുക. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കമുണ്ടായ 14 ദിവസം നിരീക്ഷണം പൂർത്തിയാകാത്തവർ, ആശാവർക്കർമാർ, കോവിഡ് വള​ന്റിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവർക്കാണ്‌ പരിശോധന. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെയും സമ്പർക്ക സാധ്യതയുള്ള വീട്ടുകാരുടെയും സ്രവ–-രക്ത സാമ്പിളുകൾ പരിശോധിക്കും. കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയവർ ഫലം വരുന്നതുവരെ ക്വാറന്റൈനിൽ കഴിയണം.
ലംഘിച്ചാൽ കേസ്‌
ക്വാറന്റൈൻ ലംഘനം നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കും. വിദേശത്തുനിന്നെത്തി റാപ്പിഡ് ടെസ്റ്റ്‌ ഫലം നെഗറ്റീവായതിനാൽമാത്രം രോഗമില്ലെന്ന് കരുതരുത്. മറ്റ് പരിശോധനകളിൽ ഫലം പോസിറ്റീവായേക്കാം. നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദേശം പൂർണമായും പാലിക്കണം. മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ താലൂക്ക്‌തല സ്‌ക്വാഡുകൾ പരിശോധന ശക്‌തമാക്കി.
സന്ദർശിച്ചവർ അറിയിക്കണം
ജൂൺ അഞ്ചുമുതൽ എടപ്പാൾ, ശുകപുരം ആശുപത്രികളിൽ സന്ദർശനം നടത്തിയവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം. മറ്റ് സ്ഥലങ്ങളിൽനിന്നുള്ള കോവിഡ് രോഗലക്ഷണമുള്ളവരും വിവരമറിയിക്കണം. കൺട്രോൾ സെൽ നമ്പർ: 0483- 2733251, 2733252, 2733253. 
യോഗത്തിൽ കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം, ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top