26 April Friday
രണ്ട് വീടുകള്‍ തകർന്നു

മലയോരത്ത്‌ വേനൽമഴ

സ്വന്തം ലേഖകർUpdated: Thursday Mar 30, 2023

മഴയിലും കാറ്റിലും ചോക്കാട് മഞ്ഞപ്പെട്ടി കോമുള്ളൻചാലിൽ മൊയ്‌തീൻകുട്ടിയുടെ വീടിന്റെ മുൻഭാഗം തകർന്നപ്പോള്‍

മലപ്പുറം
പൊള്ളുന്ന ചൂടിൽ ഇത്തിരി ആശ്വാസവുമായി മലയോരത്ത്‌ വേനൽമഴ. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ്‌ കനത്ത മഴ പെയ്‌തത്‌. പലയിടത്തും കാറ്റും ഇടിമിന്നലുമുണ്ടായി. കാളികാവും ചോക്കാടും മരംവീണ്‌ വീട് തകർന്നു. ചോക്കാട് മഞ്ഞപ്പെട്ടി പള്ളിപ്പടിയിൽ കാറ്റിൽ മരം വീണ്‌  കോമുള്ളൻചാലിൽ മൊയ്‌തീൻകുട്ടിയുടെ വീടാണ്‌ തകർന്നത്‌. വീടിന് സമീപത്തെ പ്ലാവ്‌ നടുമുറിഞ്ഞ് കാറ്റിൽ തെറിച്ച് വീഴുകയായിരുന്നു. ഭാര്യാ മാതാവും ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെടെ നാലുപേർ വീട്ടിലുണ്ടായിരുന്നു. ഓടുമേഞ്ഞ വീടിന്റെ മുൻഭാഗമാണ് തകർന്നത്. ചുമരിനും കേടുപാടുണ്ട്‌. കാളികാവ് അങ്ങാടിക്ക് സമീപം  തിരുത്തുമ്മലിൽ റബർ പൊട്ടിവീണ്  നരുക്കുയ്യൻ റസാക്കിന്റെ വീടാണ് തകര്‍ന്നത്. അകത്തു കിടക്കുകയായിരുന്ന റസാക്കിന് ഓട് പൊട്ടീവീണ് ചെറിയ പരിക്കേറ്റു.
രാപകൽ വ്യത്യാസമില്ലാതെ കനത്ത ചൂടാണ്‌ നിലമ്പൂർ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നത്‌. മുണ്ടേരിയിലെ ഓട്ടോമാറ്റിക്‌ വെതർ സ്‌റ്റേഷനിൽ ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ ഉയർന്ന ചൂട്‌ 40 ഡിഗ്രിയാണ്‌. കഴിഞ്ഞ ഒരാഴ്‌ചക്കിടെ നിലമ്പൂരിൽ 39.8ഉം പാലേമാട്‌ 39.5ഉം തവനൂരിൽ 35.3ഉം തെന്നലയിൽ 36.1ഉം വാക്കാട്‌ 33.2ഉം ഡിഗ്രിയാണ്‌ ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയത്‌. ബുധനാഴ്‌ചത്തെ മഴ മലയോരത്തിന്‌ അൽപ്പമെങ്കിലും ആശ്വാസമേകും. താഴേക്കോട്‌ പെരിന്തൽമണ്ണ പ്രദേശത്തും വൈകിട്ട്‌ മഴയെത്തി. അരീക്കോട്‌, മേലാറ്റൂർ ഭാഗങ്ങളിലും മാനം ഇരുണ്ടുമൂടിയെങ്കിലും മഴ മാറിനിന്നു. വരും ദിവസങ്ങളിലും മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top