25 April Thursday

സർവകലാശാലാ ഹോസ്‌റ്റലിൽ ആക്രമണം

സ്വന്തം ലേഖകൻUpdated: Thursday Mar 30, 2023

പരിക്കേറ്റ സ്നേഹിൽ ആശുപത്രിയിൽ

തേഞ്ഞിപ്പലം 
കലിക്കറ്റ് സർവകലാശാലാ മെൻസ് ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ (ഡിഎസ്‌യു) ചെയർമാൻ സ്നേഹിൽ ഉൾപ്പെടെ 15 പേർക്ക്‌ പരിക്കേറ്റു.  ബുധൻ രാത്രി ഏഴരയോടെയാണ് സംഭവം. സ്ഫോടക വസ്തു എറിഞ്ഞതിനുശേഷം  ഹോക്കി സ്റ്റിക്കുകളും ആയുധങ്ങളുമായി അക്രമികൾ ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. കായികവിഭാഗത്തിലെ  ചില വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടം. 
ഡിഎസ്‌യുവിന്റെ കായികമത്സരങ്ങളുടെ ദിവസം വിദ്യാർഥിനികളോട് കായികവിഭാഗത്തിലെ ചിലർ മോശമായി പെരുമാറിയിരുന്നു. അത് ചോദ്യംചെയ്തവരെ അന്ന്‌ ആക്രമിച്ചു. അതിന്റെ തുടർച്ചയായാണ്‌ ഹോസ്റ്റൽ ആക്രമണം.
 
ഹോസ്‌റ്റൽ അടച്ചു
വിദ്യാർഥിസംഘർഷത്തെ തുടർന്ന്‌ കലിക്കറ്റ്‌ സർവകലാശാല ക്യാമ്പസിനകത്ത്‌ എല്ലാ ഹോസ്‌റ്റലുകളും അടച്ചിടാൻ രജിസ്‌ട്രാർ നിർദേശം നൽകി. നിലവിൽ പരീക്ഷയുള്ള വിദ്യാർഥികൾക്ക്‌ മാത്രമാണ്‌ ഹോസ്‌റ്റലിൽ നിൽക്കാൻ അനുമതി. കൊണ്ടോട്ടി എഎസ്‌പി വിജയ്‌ ഭരത്‌ റെഡ്ഡിയുടെ നേതൃത്വത്തിൽ   പൊലീസ്‌ സംഘം സ്ഥലത്തെത്തി. അക്രമം നടന്ന മെൻസ്‌ ഹോസ്‌റ്റൽ പിവിസി ഡോ. എം നാസർ, രജിസ്‌ട്രാർ ഡോ. ഇ കെ സതീഷ്‌ എന്നിവർ സന്ദർശിച്ചു.
 
അക്രമികൾക്കെതിരെ  നടപടി വേണം: *എസ്‌എഫ്‌ഐ
മലപ്പുറം
കലിക്കറ്റ്‌ സർവകലാശാല മെൻസ്‌ ഹോസ്‌റ്റലിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ സ്നേഹിൽ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്കാണ്‌ ആക്രമണത്തിൽ പരിക്കേറ്റത്‌. 
ക്യാമ്പസിൽ തന്നെ പഠിക്കുന്ന ചില കായിക വിദ്യാർഥികൾക്കാണ്‌ ഗുണ്ടാ സംഘത്തിന്റെ നേതൃത്വം. ഇവർ ക്യാമ്പസിൽ നടത്തുന്ന അരാജക പ്രവർത്തനങ്ങൾക്ക് എസ്‌എഫ്‌ഐയും ഡിപ്പാർട്ട്മെ​ന്റ് സ്റ്റുഡന്റ്സ് യൂണിയനും തടസ്സം നിൽക്കുന്നതാണ് ആക്രമണത്തിന് കാരണം. അരാജക പ്രവർത്തനങ്ങൾ ചോദ്യംചെയ്യുന്ന വിദ്യാർഥികളെ ആക്രമിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതരുത്‌. അരാജക പ്രവർത്തനങ്ങളെയും ആക്രമണങ്ങളെയും കായിക വിദ്യാർഥികൾ ഉൾപ്പെടെയുള്ള സർവകലാശാല വിദ്യാർഥി സമൂഹത്തെ അണിനിരത്തി എസ്എഫ്ഐ ചെറുക്കും. ആക്രമണം നടത്തിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ യൂണിവേഴ്സിറ്റി അധികൃതരും പൊലീസും തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ്‌ എൻ ആദിലും സെക്രട്ടറി എം സജാദും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top