24 April Wednesday

ധീരജവാൻ നുഫൈൽ ഇനി ഹൃദയങ്ങളിൽ

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023

ലഡാക്കില്‍ മരിച്ച ജവാൻ നുഫൈലിന്റെ മൃതദേഹത്തിൽ ഭാര്യ മിൻഹ ഫാത്തിമ അന്ത്യാഞ്ജലിയർപ്പിക്കുന്നു

 
അരീക്കോട്
സൈനിക സേവനത്തിനിടെ ലഡാക്കില്‍ മരിച്ച ജവാൻ കുനിയിൽ സ്വദേശി കെ ടി നുഫൈലി (27)ന്‌ നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ  ഇരിപ്പാൻകുളം ഖബർസ്ഥാനിൽ ഖബറടക്കി. 
നുഫൈലിന്റെ മൃതദേഹം ശനി രാത്രിയാണ്‌ കരിപ്പൂരിൽ എത്തിച്ചത്‌. ഞായർ രാവിലെ ഏഴരയോടെ വിലാപയാത്രയായി ജന്മനാട്ടിലേക്കു കൊണ്ടുവന്നു. മേജർ പ്രവീൺ കുമാർ യാദവ്, കേണൽ നവീൻ ബൻജിത്ത് എന്നിവർ അനുഗമിച്ചു. കുനിയില്‍ കൊടവങ്ങാട് മൈതാനിയില്‍ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിനാളുകൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. 122 ടിഎ മദ്രാസ് ബറ്റാലിയനും മലപ്പുറം റിസർവ് സബ് ഇൻസ്പെക്ടർ വി വി മനോജിന്റെ നേതൃത്വത്തിൽ  കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി. കരസേനാ മേധാവിക്കുവേണ്ടി കമാൻഡിങ്‌ ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ജിത്‌, സംസ്ഥാന സർക്കാരിനുവേണ്ടി പി കെ ബഷീർ എംഎൽഎ, കലക്ടർ വി ആർ പ്രേംകുമാർ എന്നിവർ റീത്ത്‌ വച്ചു. മലപ്പുറം സൈനിക കൂട്ടായ്മ, എൻസിസി എന്നിവയ്‌ക്കുവേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു. 
പൊതുദർശനശേഷം നുഫൈലിന്റെ ഉമ്മ ആമിനയും ഭാര്യ മിൻഹ ഫാത്തിമയും ചേർന്ന് മൃതദേഹത്തിൽ പുതപ്പിച്ച ദേശീയപതാക ഏറ്റുവാങ്ങി. ലിന്റോ ജോസഫ്‌ എംഎൽഎ പള്ളിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. 
നുഫൈൽ കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ്‌  ജനുവരി 22നാണ്‌ സൈനിക ക്യാമ്പിലേക്ക് മടങ്ങിയത്. വ്യാഴം രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടു. ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top