20 April Saturday
സർക്കാരിനെതിരെ കേസ്‌ നടത്തിപ്പ്‌

മലപ്പുറം ജില്ലാ ബാങ്ക്‌ 
പാഴാക്കിയത്‌ 30 ലക്ഷം

ഒ വി സുരേഷ്‌,Updated: Monday Jan 30, 2023
 
മലപ്പുറം
കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള സർക്കാർ നടപടിക്കെതിരെ കേസ്‌ നടത്തി മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ പാഴാക്കിയത്‌ 30.10 ലക്ഷം രൂപ. 2021 ഫെബ്രുവരി 17 മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കാലത്താണ്‌ അഭിഭാഷക ഫീസായി ഇത്രയും തുക ചെലവാക്കിയത്‌. ഹര്‍ജി ഹൈക്കോടതി തള്ളുകയും ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുകയുംചെയ്‌തെങ്കിലും സുപ്രീംകോടതിയിൽ പോകാൻ പ്രാഥമിക സംഘങ്ങളിൽനിന്ന്‌ ഫണ്ട്‌ പിരിക്കുകയാണ്‌ യുഡിഎഫിന്റെ സഹകരണ ജനാധിപത്യ സംരക്ഷണ സമിതി.  
സർക്കാരിനെതിരെ ജില്ലാ ബാങ്ക്‌ പ്രസിഡന്റ്‌ യു എ ലത്തീഫും കണ്ണിയാൻ മുഹമ്മദലിയുമാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. കേസ്‌ നടത്താൻ പ്രഗത്ഭ അഭിഭാഷകരെ ചുമതലപ്പെടുത്തി. 2021 ഡിസംബർ 14ന്‌ ഇടക്കാല ഉത്തരവിൽ ലയനത്തിന്‌ സഹകരണ നിയമത്തിലെ 74 (എച്ച്‌)ൽ വിഭാവനംചെയ്യുന്ന നടപടിക്രമം പാലിക്കണം എന്ന്‌ ഹൈക്കോടതി നിർദേശിച്ചു. ഡിസംബർ 24ന്‌ സഹകരണ രജിസ്‌ട്രാർ ലയിപ്പിക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെതിരായ ഹര്‍ജി ജനുവരി 12ന്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ തള്ളി. രാത്രിതന്നെ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച്‌ സഹകരണ വകുപ്പ്‌ ഉത്തരവിറക്കി. ഈ ദിവസംമാത്രം അഞ്ചര ലക്ഷം രൂപയാണ്‌ ജില്ലാ ബാങ്കിൽനിന്ന്‌ അഭിഭാഷകന്‌ കൈമാറിയത്‌. ജനുവരി 13ന്‌ രാവിലെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ സ്‌റ്റേ ഹര്‍ജി നൽകിയെങ്കിലും സിംഗിൾ ബെഞ്ച്‌ വിധിയിൽ ഇടപെടാൻ കോടതി തയ്യാറായിരുന്നില്ല. 13ന്‌ കേരള ബാങ്ക്‌ ഉദ്യോഗസ്ഥരെത്തി  ചുമതലയേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top