20 April Saturday

‘നിക്ലസ്‌ മുത്താണ്‌; കാനഡ സങ്കടവും’

ഇ ബാലകൃഷ്‌ണൻUpdated: Tuesday Nov 29, 2022

മേലാറ്റൂരിലെ ചുമട്ടുതൊഴിലാളികൾ ലോകകപ്പ്‌ ഫുട്‌ബോൾ ചർച്ചയിൽ

ഇഴകീറിയ കളി 
വിശകലനവുമായി  മേലാറ്റൂരിലെ ചുമട്ടുതൊഴിലാളികൾ

മേലാറ്റൂർ
‘‘ അല്ലാ...പിന്നെ, സ്പെയിനിന്റെ ആദ്യഗോൾ ജർമനിയെ ഒന്ന് ഞെട്ടിച്ചു’’–- മുണ്ടത്ത് അൻവർ സാലി തലയിലെ തോർത്തഴിച്ച്‌ പറഞ്ഞപ്പോൾ ഉടൻ വന്നു വി സുരേഷിന്റെ കൗണ്ടർ അറ്റാക്ക്‌–-‘‘എന്നാലെന്താ നമ്മുടെ നിക്ലസ് മുത്ത് തിരിച്ചടിച്ചില്ലേ’’. അതിന്‌ തലയാട്ടി വി നൂറുദ്ദീനും കെ സുരേഷ് ബാബുവും ജർമനിക്ക്‌ പിന്തുണനൽകി. ജോലിക്കിടെയുള്ള വിശ്രമവേളകളിൽ മേലാറ്റൂരിലെ ചുമട്ടുതൊഴിലാളികൾ ലോകകപ്പ്‌ ചർച്ചകളിലാണ്‌. ഓരോ ടീമിന്റെയും അന്നന്നത്തെ കളി സമഗ്രമായി വിലയിരുത്തുകയാണ്‌ അവർ. ടൗണിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ  വിശ്രമകേന്ദ്രത്തിൽ ഇഴകീറിയ വിശകലനങ്ങളുടെ ഗോൾവല കുലുങ്ങുന്നു. 
സ്‌പെയിനും ജർമനിയും അത്ര പ്രിയമല്ലാത്ത കട്ട ബ്രസീൽ ഫാൻ  പി ബുഷൈർ മൊറോക്ക–-ബെൽജിയം മത്സരത്തെപ്പറ്റി വാചാലനായി. ‘‘രണ്ട് ജയങ്ങളുടെമാത്രം കണക്കുമായി കളത്തിലിറങ്ങിയ മൊറോക്ക നന്നായി തന്നെ കളിച്ചു’’. ഗ്രൂപ്പ് എഫിൽ നാല് പോയിന്റുമായി മുൻനിരയിലെത്തിയ ക്രൊയേഷ്യയയിലേക്ക് പതുക്കെ ചർച്ചയുടെ പന്ത് വഴുതിവീണു.
‘‘ഇന്റെ ടീം അർജന്റീനയാണ്. എന്നാലും കാനഡയുടെ മടക്കം സങ്കടമുണ്ടാക്കി’’–- വി പി വിനോദിന്റെ അഭിപ്രായം.  ബ്രസീൽ ആരാധകൻ സി അൻവർ  ക്രൊയേഷ്യക്കൊപ്പം നിലയുറപ്പിച്ചു. കളിവർത്തമാനം ചൂടുപിടിക്കുന്നതിനിടെ പുതിയ ലോഡ് വന്നു. അത്‌ ഇറക്കാൻ കുറച്ചുപേർ പോയി. അപ്പോഴും അഭിപ്രായങ്ങളുടെ പാസുകൾ തുടർന്നുകൊണ്ടേയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top