18 April Thursday

കളിപ്പെട്ടി തുറന്ന്‌ ‘കുട്ടാപ്പിയും കുട്ടികളും’

സുധ സുന്ദരൻUpdated: Friday Oct 29, 2021

കൈറ്റ്‌ വിക്‌ടേഴ്‌സിൽ കളിപ്പെട്ടി അവതരിപ്പിക്കുന്ന നിലമ്പൂർ ഗവ. എൽപി 
സ്‌കൂൾ മുക്കട്ടയിലെ അധ്യാപിക മീരമേനോനും വിദ്യാർഥികളും

മലപ്പുറം
നിറംപകർന്നും ചിത്രംവരച്ചും അക്കങ്ങൾ അടുക്കിയും കുട്ടികൾ കുട്ടാപ്പിക്കൊപ്പംകൂടി. കളിച്ചും ചിരിച്ചും കഥ പറഞ്ഞും ടീച്ചറും ഒപ്പംചേർന്നതോടെ ‘കളിപ്പെട്ടി’ നിറയെ കൗതുകക്കാഴ്‌ചകൾ. ഫസ്റ്റ്‌ ബെൽ -2 പദ്ധതിയിൽ കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പരിചയപ്പെടുത്തി സംപ്രക്ഷണം ചെയ്യുന്ന പാഠപുസ്‌തകമാണ്‌ ‘കളിപ്പെട്ടി’. 
നിലമ്പൂർ ഗവ. എൽപി സ്‌കൂൾ മുക്കട്ടയിലെ അധ്യാപിക മീരമേനോനും ഒന്നാംക്ലാസ്‌ വിദ്യാർഥികളായ യുമ്‌ന ഷെറിൻ, കെ എസ്‌ അഭിനവ്‌, അയാൻ അഹമ്മദ്‌ എന്നിവരും ചേർന്നാണ്‌ (ഐടി) കളിപ്പെട്ടി പരിചയപ്പെടുത്തിയത്‌. ആദ്യമായാണ്‌ കൈറ്റ്‌ വിക്‌ടേഴ്‌സിൽ ഒരു സ്‌കൂളിലെ അധ്യാപികയും കുട്ടികളും ചേർന്ന്‌ കളിപ്പെട്ടി (ഐടി–-ഒന്നാംക്ലാസ്‌) അവതരിപ്പിക്കുന്നത്. സെപ്‌തംബറിലാണ്‌ റെക്കോഡിങ് നടന്നത്‌. കോവിഡ്‌ പ്രതിസന്ധിയിൽ സ്‌കൂളുകൾ അടച്ചിട്ടതിനാൽ ഓരോ കുട്ടിയുടെയും വീട്ടിലെത്തിയാണ്‌ അവരുടെ ഭാഗങ്ങൾ റെക്കോർഡ്‌ ചെയ്‌തത്‌. രണ്ടാമത്തെ എപ്പിസോഡിന്റെ റെക്കോഡിങ്ങും പൂർത്തിയായിട്ടുണ്ട്‌. നിലമ്പൂർ ഗവ. എൽപി സ്‌കൂൾ മുക്കട്ടയിലെ വിദ്യാർഥികളായ ഇഷ ഫാത്തിമ, സൻഹ എന്നിവരാണ്‌ രണ്ടാം എപ്പിസോഡിൽ അധ്യാപികക്കൊപ്പം എത്തുന്നത്‌. കുട്ടികളെ ആകർഷിക്കാൻ കുട്ടാപ്പി (റോബോർട്ട്‌) എന്ന ആനിമേഷൻ കഥാപാത്രത്തെകൂടി  ഉപയോഗിച്ച്‌ കുട്ടികളും അധ്യാപികയും  തമ്മിൽ സംസാരിക്കുന്ന രീതിയിലാണ്‌ അവതരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top