19 December Friday

അത്‌ലറ്റിക്‌ സ്‌ക്വാഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

തേഞ്ഞിപ്പലം

മഴതീർത്ത ആരവത്തിൽ താരങ്ങൾ ട്രാക്കിലേക്കിറങ്ങി. ഒളിഞ്ഞും തെളിഞ്ഞും ഫൗൾ മുഴക്കിയ കാർമേഘത്തെ കൂസാതെ അത്‌ലറ്റുകൾ പുതിയ ദൂരവും വേഗവും കണ്ടെത്തി. കലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കുന്ന 67–-ാമത് സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം ആവേശകരമായിരുന്നു. കാണികൾ കുറവെങ്കിലും ട്രാക്കിലും പിറ്റിലും വീറും വാശിയും ഉയർന്നുപൊങ്ങി. രാവിലെ 6.15ന് പുരുഷന്മാരുടെ 10,000 മീറ്റർ ഫൈനലോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബു പതാക ഉയർത്തി. ഇടയ്ക്കിടെ മഴ തടസംസൃഷ്ടിച്ചു. ഇതോടെ ത്രോ ഇനങ്ങളും പോൾ വാൾട്ടും പൂർത്തിയാക്കാൻ വൈകി. എങ്കിലും, മത്സരാർഥികളുടെയും ഒഫീഷ്യൽസിന്റെയും സംഘാടകരുടെയും കൂട്ടായ പ്രയത്നത്തിൽ ആദ്യദിനം നിശ്ചയിച്ച മുഴുവൻ ഇനങ്ങളും പൂർത്തിയാക്കി. 1500 മീറ്റർ, ഡിസ്കസ് ത്രോ, പോൾ  വാൾട്ട്, ജാവലിൻ ത്രോ, ലോങ് ജമ്പ്, 100 മീറ്റർ ഹർഡിൽസ്, 100 മീറ്റർ, ഷോട്ട് പുട്ട്, 400 മീറ്റർ തുടങ്ങിയ ഇനങ്ങൾ പൂർത്തിയായി. ആകെ 25 ഫൈനലുകളാണ് നടന്നത്. അഞ്ച് മീറ്റ് റെക്കോഡ് പിറന്നു. വെള്ളിയാഴ്ച 20 കിലോ മീറ്റർ നടത്തമാണ് ആദ്യം. ട്രിപ്പിൾ ജമ്പ്, 200 മീറ്റർ, ഹാമർ ത്രോ, 800 മീറ്റർ തുടങ്ങിയ ഇനങ്ങളും നടക്കും.

അന്നും ഇന്നും 
റെക്കോഡിട്ട് സിദ്ധാർഥ്

തേഞ്ഞിപ്പലം

ഡിസ്ക് കൈയിലെടുക്കുമ്പോൾ 2018ലെ സ്കൂൾ അത്‌ലറ്റിക് മീറ്റായിരുന്നു സിദ്ധാർഥിന്റെ മനസ്സിൽ. സീനിയർ വിഭാഗത്തിൽ അന്ന്  സിദ്ധാർഥ്‌ നേടിയ ദൂരം പിന്നീടാരും മറികടന്നിട്ടില്ല. ആ ബലത്തിൽ അവൻ എറിഞ്ഞു. 49.40 മീറ്റർ ദൂരത്തിൽ മീറ്റ് റെക്കോഡോടെയാണ് ഡിസ്ക് പതിച്ചത്. 

രണ്ട് കിലോഗ്രാം വിഭാഗത്തിലാണ് മത്സരം. അഞ്ചാമത്തെ ത്രോയിലാണ് നേട്ടം. 2022ൽ തൃശൂരിന്റെ അലക്സ്‌ പി തങ്കച്ചൻ നേടിയ 47.53 മീറ്ററാണ് മറികടന്നത്. 49.10 മീറ്റർ ദൂരത്തിലെറിഞ്ഞ് തന്റെ പഴയ റെക്കോഡ് തിരുത്തിയെങ്കിലും അലക്സിന്റെ പോരാട്ടം ഇത്തവണ വെള്ളിയിലൊതുങ്ങി. കാസർകോട് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് സ്കൂൾ മീറ്റിൽ ഡിസ്കസ് ത്രോയിൽ സിദ്ധാർഥ് മീറ്റ് റെക്കോഡിട്ട് സ്വർണം നേടിയത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ബിഎ എക്കണോമിക്‌സ്‌ പൂർത്തിയാക്കി. ചെറുവത്തൂർ കെ സി ത്രോ അക്കാദമിയിലാണ് പരിശീലനം. അച്ഛൻ കെ സി ഗിരീഷുതന്നെയാണ് പരിശീലകൻ. ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിനേടിയ കെ സി സെർവാൻ സഹോദരനാണ്.

 

വഴിമാറി, 33 വർഷത്തെ ചരിത്രം

തേഞ്ഞിപ്പലം

സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ മത്സരത്തിൽത്തന്നെ തകർന്നുവീണത് 33 വർഷം പഴക്കമുള്ള റെക്കോഡ്. വനിതാ വിഭാഗത്തിലെ പതിനായിരം മീറ്ററിലാണ്‌ പുതിയ സമയം പിറന്നത്‌. കോട്ടയത്തിനായി മത്സരത്തിനിറങ്ങിയ എം എസ് ശ്രുതിയാണ് നേട്ടത്തിനുടമ. 37 മിനിറ്റ്‌ 3.50 സെക്കൻഡിലാണ് വിജയം. 1990ൽ വയനാടിനായി 38 മിനിറ്റ്‌ 10 സെക്കൻഡിൽ സെൽഗി ജോസഫ്‌ കുറിച്ച റെക്കോഡാണ് പഴങ്കഥയായത്. രണ്ടാംസ്ഥാനത്തെത്തിയ പാലക്കാടിന്റെ റീബ അന്ന ജോർജും നിലവിലെ റെക്കോഡിനെ മറികടന്നു. സമയം 37 മിനിറ്റ്‌ 7.36 സെക്കൻഡ്. ഡൽഹിയിൽ സിആർപിഎഫിൽ  കോൺസ്റ്റബിളായ ശ്രുതി തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ പൊലീസ് മീറ്റിൽ 10,000 മീറ്ററിൽ രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കോട്ടയം അൽഫോൻസ കോളേജിൽ വിദ്യാർഥിയായിരിക്കെ എംജി സർവകലാശാലാ മീറ്റിൽ ക്രോസ് കൺട്രി, 5000 മീറ്റർ, സ്റ്റീപ്പിൾ ചെയ്സ് തുടങ്ങിയ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. അഖിലേന്ത്യാ അന്തർ സർവകലാശാലാ മത്സരത്തിൽ ക്രോസ് കൺട്രിയിൽ രണ്ടാംസ്ഥാനവും നേടി. കോഴിക്കോട് പുല്ലാരാംപാറ മാരാത്ത് ശിവന്റെയും വിലാസിനിയുടെയും മകളാണ്.

 

തൊട്ടതെല്ലാം 
പൊന്നാക്കി അഭിറാം

തേഞ്ഞിപ്പലം

ചേട്ടന്മാരുടെ കൂടെയാണ് മത്സരമെങ്കിലും അഭിറാമിന് അതൊരു പ്രശ്നമായിരുന്നില്ല. പങ്കെടുത്ത മത്സരങ്ങളിലെല്ലാം മെഡലുകൾ വാരിക്കൂട്ടിയാണ് സംസ്ഥാന അത്‌ലറ്റിക് മീറ്റിലെ 400 മീറ്ററിനായി പതിനെട്ടുകാരൻ ട്രാക്കിലിറങ്ങിയത്. വെടിമുഴങ്ങിയതും അവൻ കുതിച്ചു. ഓരോരുത്തരെയും പിന്നിലാക്കി 47.69 സെക്കൻഡിൽ ഫിനിഷിങ് ലൈനിൽ മുത്തമിട്ടു. പാലക്കാട് മാത്തൂർ സിഡിഎഫ് സ്കൂളിലെ പ്ലസ് ടു  വിദ്യാർഥിയാണ്‌ പി അഭിറാം. 2022ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലും കഴിഞ്ഞ ഖേലോ ഇന്ത്യ നാഷണൽ ചാമ്പ്യൻഷിപ്പിലും ദേശീയ സ്കൂൾ കായികമേളയിലും സ്വർണം നേടിയിട്ടുണ്ട്. ജി വി രാജ അവാർഡ് ജേതാവ് കെ സുരേന്ദ്രനാണ് പരിശീലകൻ. മാത്തൂർ സ്വദേശി വി പ്രമോദിന്റെയും സി മഞ്ജുഷയുടെയും മകനാണ്. ഇടുക്കിയുടെ ടി എസ് മനു വെള്ളിയും കോട്ടയത്തിന്റെ എം എസ് അനന്തുമോൻ വെങ്കലവും നേടി.

വനിതകളുടെ 400 മീറ്ററിൽ എറണാകുളത്തിന്റെ കെ സ്നേഹ സ്വർണം നേടി (54.83 സെ.). കോതമംഗലം എംഎ കോളേജിലെ സോഷ്യോളജി ഒന്നാം സെമസ്റ്റർ വിദ്യാർഥിയാണ്. പി പി പോളിന് കീഴിലാണ് പരിശീലനം. കോഴിക്കോട് മീഞ്ചന്ത അരീക്കാട് ഒതയമംഗലംപറമ്പ് രമേശിന്റെയും സീനയുടെയും മകളാണ്. പത്തനംതിട്ടയുടെ ലിനറ്റ് ജോർജ് (54.93 സെ.) വെള്ളിയും തിരുവനന്തപുരത്തിന്റെ ഗൗരിനന്ദ (55.54 സെ.) വെങ്കലവും നേടി.

 

ആ ചാട്ടം പിന്നിട്ട വഴികളിലേക്ക്

തേഞ്ഞിപ്പലം

നീന ചാടിക്കടന്നത് ചെറിയ ദൂരം മാത്രമല്ല, ജമ്പിങ് പിറ്റില്ലാത്ത പിന്നിട്ട നാല്‌ വർഷങ്ങൾകൂടിയാണ്. കഴിഞ്ഞ നാളുകളിലെ അനുഭവങ്ങളാണ് അവളുടെ ഊർജം. അത് പലർക്കും പ്രചോദനവുമാണ്. വീട്ടിൽ ഒതുങ്ങിയിരിക്കാതെ സ്വപ്നങ്ങൾക്കുപിന്നിൽ കുതിക്കാനുള്ള പ്രചോദനം. വനിതാവിഭാഗം ലോങ് ജമ്പിലൂടെ ആ മുപ്പത്തിരണ്ടുകാരി വീണ്ടും കായികലോകത്തേക്ക് കടന്നുവന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ നീന (6.51 മീറ്റർ)  2019ലാണ്  അവസാനമായി മത്സരത്തിനിറങ്ങിയത്. ഇന്ന് രണ്ടര വയസുള്ള അലക്സാൻഡ്ര ജോ പിന്റോ എന്ന കൊച്ചുമിടുക്കിയുടെ അമ്മയാണ്. പക്ഷേ, വീട്ടിൽ ഒതുങ്ങിക്കൂടാൻ അവൾ ഒരുക്കമായിരുന്നില്ല. എല്ലാത്തിനും പിന്തുണയുമായി ഭർത്താവും മുൻ ദേശീയ അത്‌ലറ്റുമായ പിന്റോ മാത്യുവുംകൂടെയുണ്ട്. മകൾ ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾത്തന്നെ പരിശീലനത്തിനിറങ്ങി. ഭർത്താവാണ് പരിശീലകൻ. കഴിഞ്ഞ ഓപ്പൺ നാഷണൽ മീറ്റിലും ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിലും മത്സരിക്കാനിറങ്ങിയിരുന്നു. സീനിയർ മീറ്റിൽ 5.70 മീറ്റർ താണ്ടിയാണ് വെള്ളി നേടിയത്. 6.66 മീറ്റർവരെ താണ്ടിയിട്ടുള്ള നീന ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

 

അഞ്ചും പിഴച്ചു; എങ്കിലും റെക്കോഡ്‌

തേഞ്ഞിപ്പലം

ആറിൽ അഞ്ചും ഫൗൾ. ശരിയായത് ഒരു ചാട്ടം. അത് റെക്കോഡിലേക്കും. ലോങ്ജമ്പിൽ പരിക്കിനെ അവഗണിച്ച് മത്സരത്തിനെത്തിയ എറണാകുളത്തിന്റെ കെ എം ശ്രീകാന്താണ് പുതിയ ദൂരം കണ്ടെത്തി ചരിത്രമിട്ടത്‌. 7.78 മീറ്ററാണ് പുതിയ റെക്കോഡ്. 2019ൽ തിരുവനന്തപുരത്തിനായി വൈ മുഹമ്മദ് അനീസ് സ്ഥാപിച്ച 7.74 മീറ്ററാണ് മറികടന്നത്. എറണാകുളം ജില്ല സീനിയർ അത്‌ലറ്റിക് മീറ്റിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നു ശ്രീകാന്ത്. എങ്കിലും സംസ്ഥാന മീറ്റിനെത്തി. കോതമംഗലം എംഎ കോളേജിൽ ബിഎ മൂന്നാംവർഷ സാമ്പത്തികശാസ്ത്രം വിദ്യാർഥിയാണ്. കഴിഞ്ഞതവണ സീനിയർ മീറ്റിൽ ലോങ്‌ജമ്പിൽ മൂന്നാംസ്ഥാനത്തായിരുന്നു. ലോങ്ജമ്പ് താരമായിരുന്ന സഹോദരൻ ശ്രീനാഥ് നിലവിൽ എസ്ബിടി ക്രിക്കറ്റ് ടീം അംഗമാണ്. മിമിക്രി താരമായ കോട്ടയം കാലായിൽ മനോജിന്റെയും ശ്രീലേഖയുടെയും മകനാണ്.

 

പരിക്കിനെ എറിഞ്ഞോടിച്ച്‌ തൗഫീറ

തേഞ്ഞിപ്പലം

സാധാരണ  റോട്ടേഷൻ ത്രോയാണ് തൗഫീറ ചെയ്യാറുള്ളത്. കാലിന് പരിക്കേറ്റതിനാൽ ഇത്തവണ സ്റ്റാൻഡിങ് ത്രോ തെരഞ്ഞെടുത്തു. എന്നാൽ, ത്രോയിങ് പിറ്റിൽനിന്ന്‌ എറിഞ്ഞ ഡിസ്കസ് പതിച്ചത് മീറ്റ് റെക്കോഡിലേക്ക്‌. 

ഡിസ്കസ് ത്രോയിൽ 2021ൽ സ്ഥാപിച്ച (39.72 മീ.) സ്വന്തം റെക്കോഡാണ് കാസർകോടിന്റെ സി പി തൗഫീറ (39.78 മീ.) മറികടന്നത്. അവസാന ശ്രമത്തിലായിരുന്നു റെക്കോഡ് നേട്ടം. കാസർകോട് ചെറുവത്തൂരിലെ കെ സി ത്രോസ് അക്കാദമിയിലെ കെ സി ഗിരീഷിന് കീഴിലാണ് പരിശീലനം. 

45 മീറ്റർവരെ എറിയാറുള്ള തൗഫീറ ദേശീയ ഗെയിംസ് ആകുമ്പോഴേക്കും പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പാലക്കാട് പത്തിരിപ്പാല സി പി ഹൗസിൽ സുഹറയുടെയും അഷ്റഫിന്റെയും മകളാണ്.

 

അനായാസം 
ഷിൽബി

വനിതകളുടെ 100 മീറ്ററിൽ എതിരാളികളെ അനായാസം മറികടന്നാണ് തിരുവനന്തപുരത്തിന്റെ എ പി ഷിൽബി (11.84 സെ.) സ്വർണം നേടിയത്. കേരള പൊലീസിന്റെ താരമാണ്. വി വിവേകാണ് പരിശീലകൻ. ആലപ്പുഴ മുഹമ്മ അഞ്ചുകൈതക്കൽ പുരുഷോത്തമന്റെയും വിശാലിനിയുടെയും മകളാണ്. സഹോദരി എ പി ഷീൽഡയും 100 മീറ്ററിൽ മത്സരിച്ചിരുന്നു. ഇടുക്കിയുടെ രമ്യ രാജൻ (12.25 സെ.) വെള്ളിയും എ ആരതി (12.75 സെ.) വെങ്കലവും നേടി.

 

പാറി പറന്ന് ഷാൻ

തേഞ്ഞിപ്പലം

ഒപ്പം മത്സരിച്ചവരെല്ലാം സീനിയർ താരങ്ങളായിരുന്നെങ്കിലും മുഹമ്മദ് ഷാൻ അതൊന്നും നോക്കിയില്ല.

വെടിയൊച്ച മുഴങ്ങിയതും അവൻ കുതിച്ചു. സ്വർണത്തിലാണ്‌ ആ കുതിപ്പ്‌ അവസാനിച്ചത്‌. പുരുഷന്മാരുടെ 100 മീറ്ററിലാണ് മലപ്പുറത്തിന്റെ പി മുഹമ്മദ് ഷാൻ സ്വർണം നേടി എതിരാളികളെ ഞെട്ടിച്ചത്. 10.61 സെക്കൻഡിൽ ഷാൻ വേഗവര കടന്നു. 

തിരുവനന്തപുരത്തിന്റെ ടി മിഥുൻ (10.69 സെ.) വെള്ളിയും  തൃശൂരിന്റെ എം ആർ സഞ്ജയ് (10.69 സെ.) വെങ്കലവും നേടി.  കടകശേരി ഐഡിയലിലെ ഒന്നാംവർഷ ബികോം വിദ്യാർഥിയായ ഷാൻ കോളേജിലെ നദീഷ് ചാക്കോയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. ആതവനാട് പിലാത്തിയത്ത് സൈനുദ്ദീന്റെയും ഫൗസിയയുടെയും മകനാണ്. സഹോദരി ഷഹ്‌ന.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top