മലപ്പുറം
സങ്കീർണമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ ‘ഹൃദ്യ'ത്തിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് കടന്നത് രണ്ടായിരത്തോളം കുരുന്നുകൾ. ജനനംമുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് പദ്ധതിയിലൂടെ സേവനങ്ങൾ ലഭ്യമാകുക. ഈ വർഷം ജൂലൈവരെ ജില്ലയിൽ 2266 കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കി. 133 ശസ്ത്രക്രിയകളുംചെയ്‌തു. ആറാഴ്ചമുതൽ മൂന്നുവയസുവരെയുള്ള 1514 കുട്ടികൾക്കും ഒന്നുമുതൽ രണ്ടുവയസുവരെ പ്രായമുള്ള 199 കുട്ടികൾക്കും രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള 137 കുട്ടികൾക്കും ആറുമുതൽ 18 വരെയുള്ള 416 പേർക്കും പദ്ധതിയിൽ ചികിത്സ ലഭ്യമാക്കി.
രജിസ്റ്റർ ചെയ്യാം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് രണ്ടായിരത്തിലേറെ പേർ പദ്ധതിയിൽ ഇതിനകം രജിസ്റ്റർചെയ്തു. ഇതിൽ അടിയന്തര ശസ്ത്രക്രിയ ചെയ്‌തില്ലെങ്കിൽ ജീവഹാനി സംഭവിക്കാവുന്ന കുട്ടികളെയാണ് പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയരാക്കുക. നിലവിൽ എട്ടുവയസുവരെയുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ചികിത്സ സൗജന്യമാണ്. രോഗം നിർണയിച്ചുകഴിഞ്ഞാൽ രക്ഷിതാക്കൾ hridyam.kerala.gov.in ൽ രജിസ്റ്റർചെയ്യണം. അതിനുശേഷം ഹൃദ്യം പദ്ധതിയുടെ ജില്ലാ മാനേജർക്ക് സന്ദേശമെത്തും. വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കും. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..