മേലാറ്റൂർ
ആന, പക്ഷികൾ, മെട്രോ ട്രെയിൻ, തിയേറ്റർ, കളിയുപകരണങ്ങൾ തുടങ്ങിയവ കാണാനും ആസ്വദിക്കാനും ഇനി കുട്ടികൾ പാർക്കിലോ, ടൗണിലോ പോകേണ്ട. എല്ലാം സ്കൂളിൽത്തന്നെയുണ്ട്. കുരുന്നുകൾക്ക് കളിയും പഠനവും ആസ്വാദ്യകരമാക്കാൻ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത് 53 പാർക്കുകളും അനുബന്ധ സൗകര്യങ്ങളും. സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രീ മോഡൽ സ്കൂൾ ഒരുക്കുന്നത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 2017–-ലാണ് പദ്ധതി ആരംഭിച്ചത്. ഇതിനായി അധ്യാപകർക്ക് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കി. ഇതിനെ അടിസ്ഥാനമാക്കി 2020–21 അധ്യയന വർഷത്തിൽ തിരൂരിലെ മുട്ടന്നൂർ ജിഎംഎൽപി സ്കൂളിൽ ആദ്യ പ്രീ മോഡൽ സ്കൂൾ ആരംഭിച്ചു. 2021-–-22 വർഷത്തിൽ തവനൂർ കെഎംജിയുപിഎസിലും നിലമ്പൂർ പറമ്പ ജിഎംയുപിസിലും പിന്നീട് ബിആർസിയുടെ കീഴിൽ ജില്ലയിലെ 15 സ്കൂളിലും പദ്ധതി നടപ്പാക്കി.
2022–-23 മുതൽ "വർണക്കൂടാരം' പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളെ ആകർഷിക്കാൻ പ്രത്യേക പാർക്കുകൾ ഒരുക്കിവരികയാണ്. കളിയിടം, കരകൗശല ഇടം, ശാസ്ത്രീയ ഇടം, സംഗീതം, സാങ്കേതികം തുടങ്ങി 13 "ഇടങ്ങൾ' ഉൾപ്പെടുത്തിയാണ് പാർക്കിലും ക്ലാസ് മുറികളിലും പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നത്. ഇതിനായി 10 ലക്ഷം രൂപവീതം മുടക്കി ജില്ലയിലെ തെരഞ്ഞെടുത്ത 55 സ്കൂളുകളിൽ പാർക്കുകളും അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കി.
ജില്ലയിൽ 240–-ഓളംവരുന്ന പ്രീ പ്രൈമറി സ്കൂളുകളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. പ്രീ പ്രൈമറിമുതൽത്തന്നെ ലോകനിലവാരത്തിലേക്ക് സ്കൂൾ വിദ്യാഭ്യാസമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ അധ്യയനവർഷം 50 സ്കൂളിൽകൂടി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാകിരണം ജില്ലാ കോ–-ഓർഡിനേറ്റർ സുരേഷ് കൊളേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..