25 April Thursday

വലയിൽ വീഴല്ലേ...

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

മലപ്പുറം

കുട്ടികളിലെ ലഹരി ഉപയോഗം തടയാനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ക്രിമിനൽവൽക്കരിക്കുന്നതിനെ പ്രതിരോധിക്കാനും തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശിച്ചു. കുട്ടികളിലെ ലഹരി ഉപയോഗത്തെയും വിപണനത്തെയും സംബന്ധിച്ച് വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ കുട്ടികളിലെ ലഹരി ഉപയോഗവും വിപണനവും കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടി സ്വീകരിക്കണം. 
കുട്ടികളുടെ ഗ്രാമസഭകൾ വിളിച്ചുചേർത്ത് പ്രതിരോധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. കുടുംബശ്രീ ബാലസഭകളുടെ പ്രവർത്തനം വിപുലീകരിക്കണം. വാർഡുകളിൽ ലഹരിവിരുദ്ധ പരാതിപ്പെട്ടികൾ സ്ഥാപിച്ച് നടപടി സ്വീകരിക്കണം. സ്റ്റുഡന്റ്‌സ് പൊലീസ് പ്രവർത്തനം സ്‌കൂളുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഷാഡോ സംവിധാനമാക്കി മാറ്റുകയും വേണം. സ്‌കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണം. എക്‌സൈസ്, പൊലീസ് വിഭാഗങ്ങൾ ഇക്കാര്യങ്ങളിൽ ക്രിയാത്മകമായ പിന്തുണ നൽകണം. ജുവനൈൽ പൊലീസ് വിഭാഗം ലഹരിവിമുക്ത പ്രവർത്തനത്തിലും ശ്രദ്ധിക്കണം. സ്‌കൂൾ കൗൺസിലർമാർ ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനത്തിൽ ജാഗ്രതാപൂർണമായി പ്രവർത്തിക്കണം. 
ലഹരി ഉപയോഗിക്കുന്നവരും വിപണനംചെയ്യുന്നവരുമായ കുട്ടികളെ ഒറ്റപ്പെടുത്തി കൂടുതൽ കുറ്റങ്ങളിലേക്ക് നയിക്കാതെ തെറ്റുതിരുത്തി സാമൂഹികമായ പുനരധിവാസം നൽകണം. ലഹരി ഉപയോഗത്തിൽനിന്ന്‌ കുട്ടികളെ മോചിപ്പിക്കാൻ നിരന്തരമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ലൈബ്രറികൾ, ക്ലബ്ബുകൾ തുടങ്ങിയ സാംസ്‌കാരിക കലാ കായിക സംഘടനകളോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അഭ്യർഥിച്ചു.
 
ലഹരിവിരുദ്ധ പ്രചാരണ *ക്യാമ്പയിൻ 2 മുതല്‍
മലപ്പുറം
മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനുള്ള ലഹരി വിരുദ്ധ  പ്രചാരണം ഒക്ടോബർ രണ്ടുമുതൽ നവംബർ ഒന്നുവരെ ജില്ലയിൽ വിവിധ പരിപാടികളോടെ നടക്കും. ലഹരി വിരുദ്ധ പ്രചാരണം ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള വിവിധ സമിതികൾ രൂപീകരിക്കുന്നതിനുള്ള യോഗം മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ജില്ലയിൽ രൂപീകരിച്ച വിവിധ സമിതികൾ മുഖേന വാർഡ് തലങ്ങളിൽവരെ പ്രദർശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും കലക്ടർ കോഡിനേറ്ററുമായി വിവിധ സമിതികൾ രൂപീകരിച്ചു. പഞ്ചായത്ത്/നഗരസഭ, വാർഡ്തലത്തിലും വിദ്യാലയ തലത്തിലും സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ക്യാമ്പയിൻ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് റൂം ഡിബേറ്റുകൾ സംഘടിപ്പിക്കും. ലൈബ്രറികൾ/ഹോസ്റ്റലുകൾ/ ക്ലബ്ബുകൾ/അയൽക്കൂട്ടങ്ങൾ/റസിഡൻഷ്യൽ അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. അതിഥി തൊഴിലാളികൾക്കിടയിലും തീരദേശ മേഖലയിലും പ്രചാരണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top