19 April Friday

അനുഷ്ഠാനകലയിലെ നാരായണ സപര്യ

പി സി ജാഫർUpdated: Thursday Sep 29, 2022
മങ്കട 
ഗ്രാമങ്ങളിലെ കാർഷിക സംസ്കാര ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന പാരമ്പര്യ ക്ഷേത്രാനുഷ്ഠാന കലാരൂപമായ പൂതംകളിയിലാണ് മക്കരപ്പറമ്പ് അമ്പലപ്പടിക്കൽ നാരായണന്റെ ജീവിതം. മൂന്നര പതിറ്റാണ്ടായി ഈ അറുപത്തിയൊന്നുകാരന്‍ പൂതംകെട്ടി  നാട്ടിടങ്ങളില്‍ നിറയുന്നു. 
മണ്ണാൻ സമുദായത്തിലുള്ളവർക്കാണ് പാരമ്പര്യമായി കലാരൂപം അവതരിപ്പിക്കാനുള്ള അവകാശം. കാവുകളിലെ പൂരങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഇവർ തിറ (കാളി)യും പൂത (ഭൂതഗണം)നുംകെട്ടി ചെണ്ടയും തുടിയുംകൊട്ടി  നൃത്തംചെയ്യുന്നു. ഭഗവതിയെ എഴുന്നള്ളിക്കുമ്പോൾ പൂതംകളി വേണമെന്നാണ് ഐതിഹ്യം. നാട്ടുകാല പൊലി നടക്കുന്നു എന്ന്  അതത് പ്രദേശത്തെ ജനങ്ങളെ  വീടുകളിലെത്തി അറിയിക്കലാണ് പൂതംകളിയുടെ സങ്കൽപ്പം.  കളംപാട്ടിനോടനുബന്ധിച്ച് നടത്തുന്നതാണ് നാട്ടുകാല പൊലി. പന്ത്രണ്ട് ദിവസത്തേക്കാൾ കൂടുതൽ കളംപാട്ട് നടത്തിയാൽ, അതിന്റ പൂർണഫലം നാടിനും നാട്ടുകാർക്കും ലഭിക്കും  എന്ന സങ്കൽപ്പത്തിലുള്ള ചടങ്ങാണ് (ഗ്രാമദേവതകൾക്കുള്ള ബലി) നാട്ടുകാല പൊലി. 
പൂതൻ ഓരോ വീട്ടിലെത്തുമ്പോഴും ആദരസൂചകമായി നിലവിളക്ക് കൊളുത്തി അരി, നെല്ല് എന്നിവ നിറച്ചുവയ്‌ക്കും. പൂതംകെട്ടിക്കഴിഞ്ഞാൽ ദേവന്റെ ഭൂതഗണമാണ് വീട്ടിലെത്തുന്നത് എന്നാണ് സങ്കൽപ്പം. 
നൂറ്റാണ്ടുകളായി ക്ഷേത്ര ഉത്സവങ്ങളിലെ പൂതംകളിയുടെ പിൻതുടർച്ചാ പാരമ്പര്യ കുടുംബാംഗമായ പരേതരായ എ പി രാമൻ–-രാമപുരം എളംതിരുത്തി സീതമ്മ ദമ്പതികളുടെ മകനാണ് നാരായണൻ.   സഹോദരങ്ങളായ സുരേഷ് ബാബു, ശങ്കരന്‍, പാരമ്പര്യ കുടുംബത്തിലെ അംഗങ്ങളായ ജനാർദനൻ, സുകുമാരൻ, ശിവദാസൻ, ഗോപാലകൃഷ്ണൻ (മണി), ശിവശങ്കരൻ, സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന സംഘവും  നാരായണനൊപ്പം സജീവമാണ്. 
സിപിഐ എം മക്കരപ്പറമ്പ്‌ അമ്പലപ്പടി ബ്രാഞ്ച് അംഗം, മക്കരപ്പറമ്പ് ആറങ്ങോട്ട് ശിവക്ഷേത്ര കമ്മിറ്റി അംഗം, മണ്ണാൻ, വണ്ണാൻ സമുദായ സംഘം, പട്ടികജാതി ക്ഷേമ സമിതി എന്നീ നിലകളിലും പൊതുരംഗത്തും സജീവമാണ് നാരായണന്‍.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top