16 April Tuesday

അന്തിയുറങ്ങാൻ സ്‌നേഹബൊമ്മാടമൊരുങ്ങി

പി എ സജീഷ‌്Updated: Wednesday Jul 29, 2020
 
പൊന്നാനി
ചാറ്റൽ മഴ പെയ്താൽപോലും ഉള്ളിൽ തീയായിരുന്നു പാലപ്പെട്ടി അയിരൂർ കുണ്ടുചിറ പാലത്തിനടിയിലെ പുറമ്പോക്കിൽ താമസിക്കുന്ന മാലിക്കുളം മുജീബിനും ഭാര്യ നഫീസക്കും. മഴയ്‌ക്ക്‌ അൽപ്പം ശക്തി കൂടിയാൽ പായയും പുതപ്പും വാരിയെടുത്ത് ഓലക്കുടിലിലെ ചോരാത്തിടത്തേക്ക്‌ ഒതുങ്ങിക്കൂടും. നിർമാണം പൂർത്തിയായ സ്നേഹബൊമ്മാടം കാണുമ്പോൾ അവരുടെ ആധി മായും, മനസ്സിൽ ആശ്വാസത്തിന്റെ ഓളങ്ങൾ അലയടിക്കും. നഫീസയുടെ മാത്രമല്ല, പുറമ്പോക്കിൽ താമസിക്കുന്ന  കുടുംബങ്ങളുടെ അവസ്ഥയാണിത്. നിർമാണം പൂർത്തിയാക്കിയ 10 വീടുകളുടെ താക്കോൽ ബുധനാഴ്ച രാവിലെ 10ന് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ കൈമാറും. 
 പതിനാറു വീടുകളാണ് നിർമിക്കുന്നത്. 10 എണ്ണം പൂർത്തിയായി. ആറെണ്ണത്തിന്റെ പണി അവസാന ഘട്ടത്തിലാണ്. ബ്രിട്ടീഷ് മോഡലിലുള്ള ഫ്രീ ഫാബ്രിക്കേഷൻ ഭവനങ്ങളാണ് ഒരുക്കിയത്. സ്പീക്കറുടെ അഭ്യർഥനയെ തുടർന്ന് സ്വകാര്യ വ്യക്തികളുടെയും വിദേശ മലയാളികളുടെയും സഹായത്തിലാണ്‌ വീടുകൾ യാഥാർഥ്യമാകുന്നത്‌. പ്രവാസിയായ ലഫീർ മുഹമ്മദ്‌ 33 സെന്റ് സ്ഥലം വാങ്ങിനൽകി. പ്രവാസ രംഗത്ത് പ്രവർത്തിക്കുന്ന എരമംഗലത്തെ ഫ്രണ്ട്‌ലൈൻ ഗ്രൂപ്പ് ഉടമ കിളിയിൽ നാസർ വീടുകൾ നിർമിക്കാൻ തയ്യാറായി. 
550 ചതുരശ്ര അടിയിൽ ഇരുനിലകളിലായി രണ്ട് കിടപ്പുമുറി, ടോയ്‌ലറ്റ്, ലിവിങ്‌ ഹാൾ,സിറ്റൗട്ട്, കിച്ചൺ, സ്റ്റെയർ റൂം എന്നീ സൗകര്യങ്ങളുണ്ട്‌.  മുകളിലത്തെ നിലയിൽ ഒരു കിടപ്പുമുറി  എടുക്കാനുള്ള സാധ്യതകൂടി ഉപയോഗപ്പെടുത്തിയാണ് നിർമാണം. ആറു ലക്ഷം രൂപ വിലമതിക്കുന്ന 16 വീടുകൾക്ക്‌ 96 ലക്ഷമാണ് ഫ്രണ്ട്‌ലൈൻ ഗ്രൂപ്പ് ചെലവഴിച്ചത്. അയിരൂരിലെ യുഎഇ, ഖത്തർ പ്രവാസി കൂട്ടായ്മ ഗതാഗാത സൗകര്യമൊരുക്കി. 
കഴിഞ്ഞ പ്രളയത്തിൽ ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആറ്റുണ്ണി തങ്ങളുടെ അഭ്യർഥനയെ തുടർന്ന് സ്പീക്കർ സന്ദർശിച്ചിരുന്നു. വീട്‌ യാഥാർഥ്യമാക്കുമെന്ന്‌ സ്പീക്കർ ഉറപ്പുനൽകി. ഇതാണ്‌ യാഥാർഥ്യമാകുന്നത്‌. സി പി മമ്മിക്കുട്ടിയും വാരിപറമ്പിൽ ബഷീറും കെ ജലീലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അവശേഷിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കോടത്തൂർ വി എം അഹമ്മദുണ്ണി അയിരൂരിൽ 14 സെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്. വീട് നിർമാണത്തിനായി സുമനസ്സുകൾ രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ്‌ കുടുംബങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top